News

അയൽക്കാരൻ്റെ കോഴി കൊത്തി പിഞ്ചു കുഞ്ഞിന് ഗുരുതര പരുക്ക്; ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്

24 November 2022 , 10:11 AM

 

ഇതേ കോഴി നേരത്തെയും അക്രമണ സ്വഭാവം കാണിച്ചിരുന്നു. തുടർന്ന് നാട്ടുകാർ കോഴിയെ അടച്ചിടാൻ ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു.

എറണാകുളം: മഞ്ഞുമ്മലിൽ പിഞ്ചു കുഞ്ഞിനെ കൊത്തി പരുക്കേൽപിച്ച പൂവൻകോഴിയുടെ ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. അയൽക്കാരൻ്റെ അക്രമകാരിയായ പൂവൻ കോഴിയാണ് രണ്ടു വയസുകാരൻ്റെ മുഖത്തും കണ്ണിനു പിന്നിലും തലയ്ക്കുമെല്ലാം കൊത്തി ഗുരുതരമായി  പരുക്കേൽപിച്ചത്. ഇത് സംബന്ധിച്ച കുട്ടിയുടെ മുത്തച്ഛൻ്റെ പരാതിയിലാണ് കോഴിയുടെ ഉടമ കടവിൽ ജലീലിനെതിരെ ഏലൂർ പൊലീസ് കേസെടുത്തത്. ആശുപത്രി ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി. കഴിഞ്ഞ 18നാണ് സംഭവം. മുത്തച്ഛനെ കാണാനെത്തിയതായിരുന്നു രണ്ടു വയസുകാരനും മാതാപിതാക്കളും. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കുട്ടിയെ പൂവൻ കോഴി കൊത്തി ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു. അയൽ വാസിയായ ജലീലിൻ്റെ വീട്ടിൽ വളർത്തുന്ന പൂവൻകോഴിയാണ് കുഞ്ഞിനെ കൊത്തി പരുക്കേൽപിച്ചത്. കുട്ടിയ്ക്ക് ആഴത്തിൽ കൊത്തേറ്റിട്ടുണ്ട്. കുഞ്ഞ് അലറി കരഞ്ഞെങ്കിലും കോഴി പിൻമാറിയില്ല. മാതാപിതാക്കൾ അടുത്ത് എത്തിയപ്പോഴേയ്ക്കും കുഞ്ഞിന് സരമായി പരുക്കേറ്റിരുന്നു. കുട്ടിയെ ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിൻ്റെ മുത്തച്ഛൻ നൽകിയ പരാതിയിലാണ് കോഴിയുടെ ഉടമ കടവിൽ ജലീലിനെതിരെ ഏലൂർ പൊലീസ് കേസെടുത്തത്. ഇതേ കോഴി നേരത്തെയും അക്രമണ സ്വഭാവം കാണിച്ചിരുന്നു. തുടർന്ന് നാട്ടുകാർ കോഴിയെ അടച്ചിടാൻ ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു.