health

പുതിയ കോവിഡ് വകഭേദത്തിന്റെ ഇരകള്‍ കുട്ടികളെന്ന് മുന്നറിയിപ്പ്

09 April 2023 , 8:10 PM

 

ഡല്‍ഹി: കടുത്ത പനിയും ചുമയും കണ്‍പോളയില്‍ വീക്കവും ചൊറിച്ചിലുമായി പുതിയ കോവിഡ് വകഭേദം എത്തി. ബാധിക്കുന്നവരിലധികം കുട്ടികളെന്ന് അറിയിപ്പ്. ഇന്ത്യയില്‍ കോവിഡ് നിരക്ക് കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 6050 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സജീവ കോവിഡ് രോഗികളുടെ എണ്ണം 28,303 ആയി. കോവിഡിന്റെ പുതിയ വകഭേദം കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണെന്ന ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. XBB.1.16 വകഭേദമാണ് ഇപ്പോള്‍ പടരുന്നത്.

ആദ്യ തരംഗങ്ങളില്‍ പ്രകടമാകാത്ത ലക്ഷണങ്ങളാണ് ഈ വകഭേദം ബാധിച്ചവര്‍ കാണിക്കുന്നത്. കടുത്ത പനി, ചുമ, ജലദോഷം, കണ്‍പോളകളില്‍ വീക്കവും ചൊറിച്ചിലും എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. കണ്‍പോളകളില്‍ വീക്കവും ചൊറിച്ചിലും മുന്‍ തരംഗങ്ങളില്‍ കണ്ടിരുന്നില്ല.

പുതിയ വകഭേദത്തിന് അധികവ്യാപന ശേഷിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വ്യാപനത്തിനൊപ്പം രൂക്ഷതയും കൂടുതലാണ്. വൈറസിന് മാറ്റം സംഭവിക്കുന്നതു മൂലമാണിത്. കോവിഡ് വര്‍ധിക്കുന്നതിനെ തുടര്‍ന്ന് രാജ്യത്തുടനീളം ഏപ്രില്‍ 10ന് കോവിഡ് മോക്ഡ്രില്‍ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.