News

സമാന്തര പരിപാടി പാടില്ല: തരൂരിന് നിര്‍ദേശവുമായി അച്ചടക്ക സമിതി

26 November 2022 , 1:12 PM

 

തിരുവനന്തപുരം: സമാന്തര പരിപാടി പാടില്ലെന്ന് തരൂരിന് കെപിസിസി അച്ചടക്ക സമിതിയുടെ കർശന നിര്‍ദേശം. പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്ന് തരൂരിന് പരിപാടികളില്‍ പങ്കെടുക്കാം. ബന്ധപ്പെട്ട പാര്‍ട്ടി ഘടകങ്ങളുടെ അനുമതിയോടെ മാത്രമേ പരിപാടികളില്‍ പങ്കെടുക്കാവൂ. ബന്ധപ്പെട്ട എല്ലാവരെയും നിര്‍ദേശം അറിയിച്ചുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

ഡിസിസി അനുമതിയോടെ ഏത് പരിപാടിയിലും പങ്കെടുക്കാം. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ പരിപാടിയുടെ കാര്യങ്ങള്‍ അറിയിച്ചിരിക്കണം. എല്ലാ നേതാക്കള്‍ക്കും ഇത് ബാധകമാണെന്നും അദ്ദേഹം വ്യക്കമാക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന അച്ചടക്ക സമിതിയിലാണ് തീരുമാനമുണ്ടായത്. ശുപാര്‍ശ കെപിസിസി അദ്ധ്യക്ഷന് നല്‍കാനും തീരുമാനിച്ചിരുന്നു.ഇപ്പോള്‍ തരൂര്‍ നടത്തുന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെന്ന അഭിപ്രായം അച്ചടക്ക സമിതിക്കില്ല. എന്നാല്‍ ബന്ധപ്പെട്ട പാര്‍ട്ടിഘടകങ്ങളെ അറിയിക്കാതെയുള്ള പോക്ക് സമാന്തരപ്രവര്‍ത്തനമാണെന്നും വിഭാഗീയ പ്രവര്‍ത്തനമാണെന്നുമുള്ള തെറ്റിദ്ധാരണ നേതാക്കളില്‍ വരെ സൃഷ്ടിച്ചുവെന്ന് അച്ചടക്ക സമിതി വിലയിരുത്തി. ഈ സാഹചര്യത്തിലാണ് കത്ത് നല്‍കാന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെയായിരുന്നു യോഗം കൂടിയത്.