News

പലചരക്ക് കട ഇനി തുറക്കേണ്ടന്ന് പുറത്ത് ബോർഡ്, തുറന്നപ്പോൾ അടിച്ചു തകർത്ത നിലയിൽ; 80,000 രൂപയുടെ നഷ്ടം

30 January 2023 , 8:50 AM

 

 

കണ്ണൂർ: മുൻവൈരാഗ്യം കാരണം തലശേരി നഗരത്തിലെ പലചരക്ക് കട അടിച്ചു തകർത്തതായി പരാതി. ജനറൽ ആശുപത്രിക്കു മുൻവശത്തെ മൂപ്പൻസ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ചിറക്കര സ്വദേശി മജ്‍വാസിൽ അൽത്താഫിന്റെ ഉടമസ്ഥതയിലുള്ള എം എം സ്റ്റോറെന്ന പലചരക്ക് കടയാണ് അടിച്ചു തകർത്തത്. തലായി ചക്യത്ത് മുക്ക് സ്വദേശിയും മുൻ ഓട്ടോ ഡ്രൈവറുമായ ഹാരിസാണ് അടിച്ച് തകർത്തതെന്നാണ് പരാതിയിൽ പറയുന്നത്.

ഞായറാഴ്ച്ച രാവിലെ കട തുറക്കാൻ അൽതാഫ് എത്തിയ സമയത്താണ് കട മറ്റൊരു പൂട്ട് ഉപയോഗിച്ചു പൂട്ടിയത് ശ്രദ്ധയിൽപ്പെട്ടത്. പുറത്തൊരു ബോർഡും വെച്ചു കട ഇനി തുറക്കേണ്ട എന്ന് ഹാരിസ് എന്നു സ്ഥാപിക്കുകയും ചെയ്തിരുന്നു. ഉടനെ അൽത്താഫ് തലശേരി ടൗൺ പോലിസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പൂട്ട് പൊളിച്ചു കട തുറക്കാൻ പറഞ്ഞതിനെ തുടർന്ന് കട തുറക്കുകയും ചെയ്തു.

 

ഉച്ചയോടെ കത്തിയുമായി കടയിലെത്തിയ ഹാരിസ് ഷട്ടർ താഴ്ത്തുന്ന കമ്പി ഉപയോഗിച്ചു കടയ്ക്കകത്തെ ഷോക്കേസുകളുടെ ചില്ലുകളും ക്യാഷ് കൗണ്ടറും ഡിജിറ്റൽ തുലാസും ഫോണും പാടെ തകർക്കുകയും അൽത്താഫിനെ മുഖത്ത് അടിച്ച് പരിക്കേൽപിക്കുകയും ചെയ്തുവെന്നാണ് പരാതി. 

 

സംഭവത്തെക്കുറിച്ച് അൽത്താഫ് പറയുന്നത് ഇങ്ങനെയാണ്- ഒരു വർഷം മുൻപ് കടയുടെ പഴകിയ നെയിം ബോർഡ് അഴിച്ചു മാറ്റാൻ ഹാരിസിനെ ഏൽപ്പിച്ചിരുന്നു. ഇയാൾ ബോർഡ് മാറ്റുന്നതിനിടയിൽ വിണു പരുക്ക് പറ്റിയിരുന്നു. ഇതിന് നഷ്ടപരിഹാരമായി മൂവായിരം രൂപ നൽകി പ്രശ്‌നം തീർപ്പാക്കായിരുന്നുവത്രെ. 

 

എന്നാൽ ഇതിനു ശേഷവും വീണ്ടും ഹാരിസ് നിരന്തരം പണം ആവശ്യപ്പെടുകയും താൻ അതു കൊടുക്കാൻ വിസമ്മതിക്കുകയും ചെയ്തുവെന്നാണ് അൽത്താഫ് പറയുന്നത്.

 

ഇതിന്റെ പേരിലാണ് ഹാരിസ് ഞായറാഴ്ച്ച വീണ്ടും എത്തി കട തകർക്കുകയും തന്നെ മർദിക്കുകയും ചെയ്തത്. ഒരു വർഷത്തിനിടെ നാല് തവണ കടയ്ക്ക് നേരെ അക്രമം നടത്തുകയും നാലു തവണ മർദ്ദിക്കുകയും ചെയ്തതെന്നു അൽതാഫ് പോലീസിനോട് പറഞ്ഞു. 

 

ഞായറാഴ്ച്ച നടന്ന അക്രമത്തിൽ 80,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഇദ്ദേഹം പറഞ്ഞു. അൽത്താഫ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇത് സംബന്ധിച്ചു തലശേരി പോലീസിൽ പരാതി നൽകി. സംഭവത്തിൽ വ്യാപാരി വ്യവസായി സമിതി തലശേരി ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.