Entertainment

'തൈക്കൂടം ബ്രിഡ്ജ്' ചതിച്ചു": പരാതിയുമായി ഡ്രീം മേക്കേഴ്‌സ് ഇവന്റ് കമ്പനി

18 December 2022 , 2:01 PM

 

മലയാളം റോക്ക് ബാന്‍ഡായ 'തൈക്കൂടം ബ്രിഡ്ജ്' മനപൂര്‍വം ചതിച്ച് തങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച്  ഡ്രീം മേക്കേഴ്‌സ് ഇവന്റ് കമ്പനി രംഗത്ത്. ഇവന്റ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ വിവേക് എഴുതിയ പത്രകുറിപ്പിലാണ് ഈകാര്യങ്ങള്‍ വ്യക്തമാക്കിയത്. പ്രോഗ്രാം നടത്താനുള്ള അഡ്വാന്‍സ് തുക തവണയായി നല്‍കിയെന്നും മറ്റ് കാര്യങ്ങള്‍ എല്ലാം സജ്ജമാക്കിയ ശേഷം പരിപാടിയില്‍ നിന്ന് ബാന്‍ഡ് പിന്മാറിയെന്നുമാണ് ഇവന്റ് കമ്പനിയുടെ ആരോപണം.

മെയിലിലുടെയാണ് തൈക്കുടം ബ്രിഡ്ജ് ഈക്കാര്യം അറിയിച്ചതെന്നും ഇതിനാല്‍ കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്ന് ഇവന്റ് കമ്പനി എംഡി കുറിപ്പില്‍ അറിയിച്ചു.

'2020 മാര്‍ച്ച് നാലാം തീയതി തൃശൂരില്‍ തൈക്കൂടം ബ്രിഡ്ജിന്റെ ഒരു പ്രോഗ്രാം സംഘടിപ്പിക്കാന്‍ വേണ്ടി പ്രസ്തുത ബാന്റിന് 1,00,000 രൂപ അഡ്വാന്‍സ് കൊടുത്തു. തുടര്‍ന്ന് കോവിഡിന്റെ പ്രശ്‌നങ്ങള്‍ കാരണം പരിപാടി നീണ്ടു പോവുകയും പിന്നീട് കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാല്‍ 50,000 രൂപ തിരികെ വാങ്ങുകയും 2022 സെപ്റ്റംബറില്‍ ബാന്റുമായി വീണ്ടും സംസാരിക്കുകയും പരിപാടി നടത്താന്‍ തീരുമാനത്തില്‍ എത്തുകയും ചെയ്തു. അമ്പതിനായിരം രൂപ മുന്‍ അഡ്വാന്‍സ് കൊടുത്തത് കൂടാതെ പരിപാടിക്ക് മുന്‍പായി 5,50,000 എന്ന തീരുമാനത്തില്‍ പരിപാടിയുടെ നടത്തിപ്പ് മുന്നോട്ട് പോവുകയും ചെയ്തു.

അഡ്വാന്‍സ് കൊടുത്തതിന്റെ പുതുക്കിയ കരാര്‍ നല്‍കുകയോ ഫ്‌ലൈറ്റ് ടിക്കറ്റിന്റെ വിശദവിവരങ്ങള്‍ തരുകയോ ചെയ്യാതെ വീണ്ടും രണ്ടരലക്ഷം രൂപ ആവശ്യപ്പെടുകയും അത് ആലോചിച്ച് ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ അടുത്ത ദിവസങ്ങളില്‍ മുഴുവന്‍ തുകയും അഡ്വാന്‍സായി നല്‍കിയാല്‍ മാത്രമേ പ്രോഗ്രാം നടക്കുകയുള്ളൂ എന്ന് പറയുകയും ചെയ്തു. നവംബര്‍ ഒന്നാം തീയതി തൈക്കുടം ബ്രിഡ്ജ് അവരുടെ ഒഫീഷ്യല്‍ പേജില്‍ പ്രോഗ്രാം അനൗണ്‍സ് ചെയ്തതിന്റെ ഭാഗം ആയിട്ടാണ് ടിക്കറ്റ് വില്‍പനയും, സ്‌പോണ്‍സര്‍ഷിപ്പും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

ഡിസംബര്‍ രണ്ടാം തീയതി നേരിട്ട് വന്ന് പൈസ തരാം കരാര്‍ കൃത്യമായി ഒപ്പിട്ട നല്‍കണം എന്നും ഞാന്‍ പറഞ്ഞു. അതെ തുടര്‍ന്ന് യാതൊരു മുന്നറിയിപ്പും കൂടാതെ ഡിസംബര്‍ നാലാം തീയതി അവരുടെ പേജില്‍ നിന്ന് പോസ്റ്റര്‍ റിമൂവ് ചെയുകയും പ്രോഗ്രാമിന് വരില്ലെന്ന് മെയില്‍ അയയ്ക്കുകയും ചെയ്തു. ഇതിന് മുന്‍പേതന്നെ ഭീമമായ തുക ഇതിന് വേണ്ടി ചിലവഴിച്ചിരുന്നതിനാല്‍ സംരംഭം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും മുന്നോട്ട് പോവാന്‍ സാധികാത്ത വിധത്തില്‍ തകര്‍ന്ന് പോവുകയും ചെയ്തു', വിവേക് കുറിപ്പില്‍ അറിയിച്ചു.