Entertainment

പൊതുവേദിയില്‍ അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍

20 January 2023 , 2:27 PM

 

എറണാകുളം: കോളജ് യൂണിയന്‍ പരിപാടിക്കിടെ അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍ നല്‍കി. എറണാകുളം ലോ കോളേജ് രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് ലോ കോളേജ് സ്റ്റാഫ് കൗണ്‍സിലില്‍ സസ്‌പെന്‍ഡ് ചെയ്തത്. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. തന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുന്നതായി വിഷ്ണു വിശദീകരണം നല്കിയെങ്കിലും ഇത് തള്ളിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
അപര്‍ണ ബാലമുരളിയോട് കോളജ് യൂണിയന്‍ ഉത്ഘാടനവേദിയില്‍ വച്ചാണ് മോശമായി പെരുമാറിയത്. ഇയാള്‍ അപര്‍ണയുടെ കയ്യില്‍ ബലമായി പിടിച്ചു വലിക്കുന്നതും അപര്‍ണ അപ്പോള്‍ അനിഷ്ടം പ്രകടിപ്പിക്കുന്നതും ഇയാള്‍ അപ്പോള്‍ നടിയുടെ തോളില്‍ പിടിക്കാന്‍ ശ്രമിക്കുന്നതും പ്രചരിച്ച വിഡിയോയിലുണ്ട്. തങ്കം സിനിമയുടെ പ്രമോഷനുവേണ്ടി ലോ കോളജില്‍ എത്തിയതായിരുന്നു നടി. അപര്‍ണയോടൊപ്പം നടന്‍ വിനീത് ശ്രീനിവാസനും സംഗീത സംവിധായകന്‍ ബിജിപാലും ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകരും ഉണ്ടായിരുന്നു. അപര്‍ണയ്ക്ക് പൂവ് സമ്മാനിക്കാന്‍ അടുത്തെത്തിയ വിദ്യാര്‍ഥി അപര്‍ണയുടെ കയ്യില്‍ പിടിച്ചു വലിച്ച് എഴുന്നേല്‍പ്പിച്ചു. നടി അനിഷ്ടം പ്രകടമായത് വിഡിയോയില്‍ വ്യക്തമായി ദൃശ്യമാണ്. വീണ്ടും യുവാവ് അപര്‍ണയുടെ തോളില്‍ കയറി പിടിക്കുകയും അപര്‍ണ വെട്ടിച്ച് മാറുകയും ചെയ്യുന്നുണ്ട്. പെരുമാറ്റം നടിക്ക് ഇഷ്ടപ്പെട്ടില്ലെന്നത് തിരിച്ചറിഞ്ഞ വിദ്യാര്‍ഥികളിലൊരാള്‍ പിന്നീട് വേദിയില്‍ വച്ചുതന്നെ അപര്‍ണയോട് ക്ഷമ പറഞ്ഞു. തുടര്‍ന്ന് യുവാവ് വീണ്ടും എത്തുകയും താന്‍ ഒന്നുമുദ്ദേശിച്ച് ചെയ്തതല്ല അപര്‍ണയുടെ ഫാന്‍ ആയതുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാന്‍ അപര്‍ണ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് ഒപ്പമുണ്ടായിരുന്ന വിനീതിന് കൈ കൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൈകൊടുക്കുന്നില്ല. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയോട് കോളജ് അധികൃതര്‍ വിശദീകരണം തേടിയതിന് ശേഷമാണ് നടപടി.