health

ശാരീരികവും മാനസികവുമായ വ്യായാമത്തിന് സൂര്യനമസ്കാരം ചെയ്യാം

09 October 2022 , 12:30 PM

 

 

സൂര്യനെ നമസ്കരിക്കുന്ന രീതിയില്ലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്കാരം. ശാരീരിക വിഷമതകളെ അകറ്റിനിര്‍ത്തുവാനുള്ള ചിരപുരാതനവും നിത്യനൂതനവുമായ ഭാരതീയ വ്യായാമമുറ. ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്. ശരിയായ രീതിയില്‍ അനുഷ്ടിക്കുന്നതിലൂടെ അവയവങ്ങള്‍ക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു. പാശ്ചാത്യനാടുകളിലും ഇന്ന് ഈ ആചാരരീതിക്ക് പ്രശസ്തി വര്‍ദ്ധിച്ചുവരികയാണ്. വേദകാലം മുതല്‍ ഭാരതീയര്‍ തുടര്‍ന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്ക്കാരം. സൂര്യനമസ്ക്കരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികള്‍ക്കും ചലനം സാദ്ധ്യമാകുന്നു.. പ്രഭാതസൂര്യരശ്മിക്ക് ത്വക്കില്‍ വിറ്റാമിന്‍ - ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഈ രശ്മികള്‍ക്ക് കാത്സ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്ക്കാരം വഴി ഉദരങ്ങള്‍ക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങള്‍ക്കും വ്യായാമം ലഭിക്കുന്നു. അതുപോലെ തന്നെ അവയവങ്ങള്‍ക്ക് ദൃഢത ലഭിക്കുന്നതിനാല്‍ ശരീരഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല.

തുടര്‍ച്ചയായി സൂര്യനമസ്ക്കാരം ചെയ്യുന്നതുവഴി അകാലവാര്‍ദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികള്‍ക്ക് അയവ് വരുത്തുവാനും കുടവയര്‍ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിര്‍ത്താനും സൂര്യനമസ്ക്കാരം എന്ന ആചാരവിധിയിലൂടെ സദ്ധ്യമാകുന്നുണ്ട്. സൂര്യനമസ്ക്കാരം അനുഷ്ഠിക്കുന്നവര്‍ തുടക്കത്തില്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍ ഉണ്ട്. പരിശുദ്ധമായ ലഘുജീവിതം നയിക്കുകയും ആഹാരം മിതമാക്കുകയും വേണം. കുളിക്കുന്നത് പച്ചവെള്ളത്തില്‍ ആയാല്‍ കൂടുതല്‍ നന്ന്. വിശാലമായതും വൃത്തിയുള്ളതും ധാരാളം കാറ്റുള്ളതുമായ സ്ഥലത്ത് വേണം നമസ്ക്കാരം നടത്താന്‍ . അത്യാവശ്യത്തിന് വേണ്ടിടത്തോളം മാത്രം നേരിയ വസ്ത്രം ധാരാളം അയവായി ധരിക്കണം. ചായ, കാപ്പി, പുകയില, മദ്യം തുടങ്ങിയവ ഉപയോഗിക്കരുത്. ആചാര്യവിധിയില്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ പറയുന്നുണ്ട്.

നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, ഒറ്റകാലില്‍ നിന്നുകൊണ്ടും, സാഷ്ടാംഗം വീണും സൂര്യനെ നമസ്ക്കരിക്കുന്നുണ്ട്. പുരുഷന്മാര്‍ക്കാണ് ഈ വിധി. സ്ത്രീകള്‍ നിന്നുകൊണ്ട് സൂര്യനെ നോക്കി തല കുനിച്ച് നമിക്കുന്നു. ഇപ്രകാരമുള്ള നമസ്ക്കാരമുറകൊണ്ട് വ്യായാമം ചെയ്യുന്ന ഫലവുമുണ്ടാകുന്നു. ആദിത്യസേവകൊണ്ട് ക്രമേണ ജ്ഞാനമുണ്ടാകുന്നു.