education

വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കും; എസ്എസ്എല്‍സി പരീക്ഷ ഇന്നുമുതല്‍

09 March 2023 , 6:03 AM

 

 

തിരുവനന്തപുരം:  എസ്എസ്എല്‍സി പരീക്ഷ ഇന്ന് ആരംഭിക്കും. പരീക്ഷയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ചൂട് കൂടുന്നത് കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

29 നാണ് പരീക്ഷ അവസാനിക്കുന്നത്. 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ്  വിദ്യാര്‍ഥികളും പരീക്ഷ എഴുതും. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561പേര്‍ പെണ്‍കുട്ടികളുമാണ്.

 

എയ്ഡഡ് മേഖലയില്‍ 1,421 സെന്ററുകളും അണ്‍ എയിഡഡ് മേഖലയില്‍ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാര്‍ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.

 

ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രില്‍ 3 മുതല്‍ 26 വരെയുള്ള തീയതികളിലായി പൂര്‍ത്തീകരിയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ആകെ പതിനെട്ടായിരത്തില്‍ അധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും. 

 

മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ 2023 ഏപ്രില്‍ 5 മുതല്‍ പരീക്ഷാ ഭവനില്‍ ആരംഭിയ്ക്കും. ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മെയ് രണ്ടാം വാരത്തില്‍ റിസള്‍ട്ട് പ്രസിദ്ധീകരിയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിയ്ക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 

വിദ്യാര്‍ഥികള്‍ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും മന്ത്രി പറഞ്ഞു.