News

കെ എം ബഷീർ കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി;നരഹത്യാ കുറ്റം ഒഴിവാക്കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

25 November 2022 , 12:01 PM

 

 

 

കൊച്ചി: മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ എ എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. 

 

നരഹത്യാ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം ഒന്നാം ക്ലാസ് അഡിഷണൽ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. 

സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി നരഹത്യാ കുറ്റം നിലനിൽക്കുമോ എന്ന് പരിശോധിക്കാമെന്നും അറിയിച്ചു.

 

 രണ്ടുമാസത്തേക്ക് വിചാരണ നിറുത്തിവയ്ക്കാനും ഉത്തരവുണ്ട്.പ്രതികൾ നൽകിയ വിടുതൽ ഹർജിയിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതി നരഹത്യാകേസ് ഒഴിവാക്കിയത്.

 

മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങൾ മാത്രമേ ശ്രീറാമിനെതിരെ നിലനിൽക്കുകയുള്ളു എന്ന് വ്യക്തമാക്കിയ കീഴ്ക്കോടതി രണ്ടാംപ്രതിയായ വഫ ഫിറോസിനെതിരേ മോട്ടോർ വാഹന നിയമത്തിലെ കുറ്റം മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു.

 

 ഈ ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. നരഹത്യാകുറ്റത്തിന്റെ കാര്യത്തിൽ കാര്യമായ വസ്തുതകൾ കീഴ്ക്കോടതി പരി​ഗണിച്ചില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ പ്രാഥമികമായി അറിയിച്ചത്. 

 

കീഴ്ക്കോടതി വിധിക്കെതിരെ അപ്പീൽ നൽകണം എന്ന ആവശ്യം വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ അപ്പീൽ നൽകിയത്.