Sports

സിബിഎല്‍ വള്ളംകളിയിലും വന്‍ നഷ്ടം

03 November 2022 , 7:24 PM

 

 ആദ്യ വര്‍ഷം 22.6 കോടി നഷ്ടം.

ആലപ്പുഴ: സിബിഎല്‍ വള്ളംകളി ആരംഭിച്ച് ആദ്യ വര്‍ഷമായ 2019 ല്‍ 22.6 കോടി നഷ്ടമായെന്ന് വിവരാവകാശ മറുപടി. 2019 ല്‍ 12 വേദികളായി  ചാംപ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍) അരങ്ങേറിയത്. സിബിഎല്‍ ആദ്യമായി അരങ്ങേറിയ 2019 ല്‍ 24.06 കോടി രൂപ ആകെ ചെലവായപ്പോള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ പിരിഞ്ഞു കിട്ടിയത് കേവലം 1.39 കോടി മാത്രമായിരുന്നു. 22.6 കോടിയായിരുന്നു നഷ്ടം. വള്ളംകളികളെ കോര്‍ത്തിണക്കി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആവിഷ്‌കരിച്ച പരിപാടിയായതിനാല്‍ ലാഭനഷ്ടം വിലയിരുത്തിയിട്ടില്ലെന്നാണു വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനു ടൂറിസം വകുപ്പിന്റെ മറുപടി. 2020, 2021 വര്‍ഷങ്ങളില്‍ കോവിഡ് മൂലം സിബിഎല്‍ മത്സരങ്ങള്‍ നടന്നില്ല. ഈ വര്‍ഷത്തെ മത്സരങ്ങള്‍ സെപ്റ്റംബര്‍ 4ന് ആലപ്പുഴയില്‍ തുടങ്ങി. ഈ മാസം 26നു കൊല്ലത്താണു സമാപിക്കുന്നത്. ചാമ്പ്യന്‍സ് ബോട്ട് ലീഗിനായി ഇക്കുറി ബജറ്റില്‍ 15 കോടിയാണ് നീക്കിവച്ചിട്ടുള്ളത്. 2019ല്‍ മത്സരിച്ച 9 ബോട്ടു ക്ലബ്ബുകളില്‍ 7 എണ്ണത്തിനു 36 ലക്ഷം രൂപ വീതം ബോണസ് നല്‍കി. 2 എണ്ണത്തിനു യഥാക്രമം 35,70,000, 31,95,000 രൂപ വീതവും നല്‍കി. 9 വള്ളം ഉടമകള്‍ക്കു 12 ലക്ഷം വീതവും ബോണസ് നല്‍കിയെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. വള്ളംകളി നടത്തിപ്പിന്റെ കണക്കുകള്‍ സുതാര്യമല്ലെന്നു നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. വള്ളംകളി വേദികളില്‍ ശബ്ദവും വെളിച്ചവും ഏര്‍പ്പെടുത്തിയതിനു മുതല്‍ എല്ലാ മേഖലയിലും  വ്യാപകമായ ക്രമക്കേടുകളുണ്ടെന്ന ആരോപണം ശക്തമാണ്.