Spiritual

റംസാൻ; ശരീരവും മനസ്സും നവീകരിക്കാനുള്ള അവസരം

23 March 2023 , 12:38 PM

 

 

സര്‍വ ശക്‌തന്റെ അനുഗ്രഹത്താല്‍ മറ്റൊരു റംസാന്‍ മാസക്കാലം കൂടി സമാഗതമായിരിക്കുന്നു. ശരീരവും മനസ്സും നവീകരിക്കാനുള്ള അവസരമാണ്‌ റംസാനിലൂടെ കൈവരുന്നത്‌.

       ഇസ്‌ലാം പരിചയപ്പെടുത്തിയ നന്മകള്‍ അധികരിപ്പിക്കുവാനും വിലക്കിയ തിന്മകളില്‍ നിന്നും വഴിമാറി നടക്കുവാനും ഒരു മാസത്തെ സജീവമാക്കുകയാണ്‌ ലോക മുസ്ലീങ്ങള്‍. 

       ഇസ്ലാം മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം റംസാനിൽ ജീവിക്കുകയെന്നതു തന്നെ വലിയൊരു പുണ്യമാണ്‌. വളരെ സാധാരണമായി കടന്നുപോയ 11 മാസങ്ങള്‍ക്കു ശേഷം പുണ്യ മാസത്തില്‍ സര്‍വതും അല്ലാഹുവിലേക്ക്‌ സമര്‍പ്പിക്കാനുള്ള ഒരു വേള. വന്നു പോയ സര്‍വ തെറ്റുകുറ്റങ്ങളില്‍ നിന്നും പൊറുക്കലിനെ തേടി അല്ലാഹുവിനോട്‌ യാചിക്കാനുള്ള വിശേഷാവസരം.  ആരാധനാ കര്‍മ്മങ്ങളില്‍ നിമഗ്‌നനായിരിക്കാനാണ്‌ വിശ്വാസിയെ റംസാന്‍ പ്രേരിപ്പിക്കുന്നത്‌.

കാരുണ്യം, പാപമോചനം എന്നിവയെല്ലാം റംസാന്റെ പ്രത്യേകതയാണ്‌. പാപമോചനത്തിലേക്ക്‌ ആനയിക്കുന്നതിനുള്ള ഏറ്റവും സുഗമമായ പാതയാണ്‌ റംസാന്‍ മാസം.

അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച്‌, ഇച്‌ഛകളെയും ആസക്‌തികളെയും ത്യജിച്ച്‌, പെരുമാറ്റങ്ങളെ പരമാവധി നല്ലതാക്കണം. ഈ കര്‍മ്മങ്ങള്‍ക്കൊപ്പം തന്നെ മറ്റു പുണ്യ പ്രവര്‍ത്തനങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തണം.

അല്ലാഹുവിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണ്‌. പ്രയാസമനുഭവിക്കുന്നവന്റെ നോവ്‌ കാണണം. സുഖലോലുപതയില്‍ കഴിഞ്ഞിരുന്നവര്‍ അച്ചടക്കപൂര്‍ണ്ണമായ ജീവിതത്തിലേക്ക്‌ മാറണം. സത്പ്രവര്‍ത്തനങ്ങളിലും ആത്മീയ ചിന്തകളിലും കഴിഞ്ഞ് ശരീരത്തെയും മനസിനെയും ശുദ്ധീകരിക്കണം.അനാവശ്യ ചിന്തകളില്‍ നിന്നും മനസിനെ അകറ്റുന്നതിലൂടെ കൂടുതല്‍ നന്മ നിറഞ്ഞ മനുഷ്യരായി മാറാം. എല്ലാവിധ അരുതായ്‌മകളെയും തടയിടാന്‍ ആത്മീയമായുള്ള തയ്യാറെടുപ്പാണ്‌ വ്രതം. ഏവരുടേയും സല്‍പ്രവര്‍ത്തനങ്ങള്‍ സര്‍വശക്‌തന്‍ സ്വീകരിക്കുമാറാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.