Sports

സെനഗലിനോട് തോറ്റു; ഖത്തർ പുറത്തേക്ക്

25 November 2022 , 8:36 PM

 

 

ദോഹ:  ഗ്രൂപ്പ്-ഇയില്‍ ഖത്വറിനെ 1-3 ന് സെനഗല്‍ തോല്‍പിച്ചു. ഇതോടെ ലോകകപ്പിൽ നിന്നും ഖത്തർ പുറത്തേക്ക്. ഫിഫ റാങ്കിങ്ങില്‍ 50-ാം സ്ഥാനത്തുള്ള ഖത്വറിനെതിരെ 18-ാം സ്ഥാനത്തുള്ള സെനഗല്‍ ആധികാരിക വിജയമാണ് നേടിയത്. എന്നിരുന്നാലും ദോഹയിലെ അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഖത്വറിന്റെ ഭാഗത്ത് നിന്നും ചില അപ്രതീക്ഷിതമായ മുന്നേറ്റങ്ങളുണ്ടായി.

 

41-ാം മിനിറ്റില്‍ ബൗലെ ദിയയാണ് സെനഗലിനായി ആദ്യ ഗോള്‍ നേടിയത്. ഖത്വര്‍ ഡിഫന്‍ഡര്‍മാരുടെ പിഴവ് മുതലെടുത്ത് അദ്ദേഹം വലചലിപ്പിച്ചു. 48-ാം മിനിറ്റില്‍ മറ്റൊരു ഗോളോടെ സെനഗല്‍ ലീഡ് ഇരട്ടിയാക്കി. ഹെഡറിലൂടെ ഫമാര ദിദിഹൗ തകര്‍പ്പന്‍ ഗോള്‍ അടിച്ചു.

78-ാം മിനിറ്റില്‍ ഖത്വറിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. മുഹമ്മദ് മുന്‍തരി ഹെഡര്‍ ഗോളിലൂടെ ചരിത്രം സൃഷ്ടിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഖത്വറിനായി ആദ്യ ഗോള്‍ നേടുന്ന താരമായി മാറി. ഖത്വറിന്റെ ആദ്യ ഗോളിന് സെനഗല്‍ ഉജ്ജ്വല മറുപടി നല്‍കി. 84-ാം മിനിറ്റില്‍ ബംബ ഡീങ് ഗോള്‍ നേടി. ഈ ഗോളോടെ സെനഗല്‍ ലീഡ് 3-1 ആയി ഉയര്‍ത്തി. തോല്‍വിയോടെ ഖത്വര്‍ നോക്കൗട്ട് റൗണ്ടില്‍ കടക്കാതെ പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ ഇരു ടീമുകളും തോറ്റിരുന്നു. സെനഗലിനെ നെതര്‍ലന്‍ഡ്സും ഖത്വറിനെ ഇക്വഡോറുമാണ് പരാജയപ്പെടുത്തിയത്.