Tourism

ബേക്കല്‍ ബീച്ച് ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു

17 December 2022 , 9:40 AM

 

 

 

കാസർകോട്:  ബേക്കലിന്റെ മനോഹാരിതയെ അന്താരാഷ്ട്ര വിനോദ സഞ്ചാര മേഖലയില്‍ അടയാളപ്പെടുത്തുന്ന ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര ഡിസംബര്‍ 20ന് നടക്കും. വൈകുന്നേരം മൂന്നിന് പള്ളിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ബേക്കല്‍ മിനി സ്റ്റേഡിയത്തില്‍ അവസാനിക്കും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, ജനപ്രതിനിധികള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ സി.എച്ച് കുഞ്ഞമ്പു എം എല്‍ എ പറഞ്ഞു.. ഡിസംബര്‍ 24 നാണ് ബേക്കല്‍ ബീച്ച് ഫെസ്റ്റിനു തുടക്കമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നടത്തുന്ന റോബോട്ടിക് ഷോ തുറമുഖ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഫ്‌ളവര്‍ ഷോ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും ഉദ്ഘാടനം ചെയ്യും. എം എല്‍ എ മാര്‍, ഉദുമ മണ്ഡല പരിധിയിലെ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, നഗരസഭ ചെയര്‍പേഴ്‌സണ്,  പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍  ഉദ്ഘാടന പരിപാടയില്‍ പങ്കെടുക്കും.

രണ്ടാം ദിനം നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സാംസ്‌ക്കാരിക പ്രഭാഷണം നടത്തും. അറബ് രാജ്യങ്ങളിലെ പ്രതിനിധികള്‍ പരിപാടിയുടെ ഭാഗമാകും. 26 ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, 27 ന് പി കെ കുഞ്ഞാലികുട്ടി എം.എല്‍.എ, 28 ന് സന്തോഷ് ജോര്‍ജ് കുളങ്ങര, 30 ന് കൃഷിമന്ത്രി പി.പ്രസാദ് , സി ജെ കുട്ടപ്പന്‍, 31 ന് മന്ത്രി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു, സ്പീക്കര്‍ എ എന്‍ ഷംസീര്‍, ഒന്നിന് കായിക വകുപ്പ്  മന്ത്രി വി അബ്ദുറഹ്‌മാന്‍ എന്നിവര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. രണ്ടിന് നടക്കുന്ന സമാപന പരിപാടിയില്‍ പൊതുമരാമത്ത് ടൂറിസം  വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്തരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും, പ്രദര്‍ശനങ്ങളും  ജലകേളികള്‍ അടക്കമുള്ള സാഹസിക വിനോദ സൗകര്യങ്ങളും അണിനിരക്കും. ഫ്‌ളവര്‍ ഷോ, റോബോട്ടിക് ഷോ തുടങ്ങി വിവിധ പ്രദര്‍ശനങ്ങള്‍ ഫെസ്റ്റിന് മാറ്റുകൂട്ടും. നൂറിന്‍ സിസ്റ്റേഴ്‌സ്, വിധുപ്രതാപ്, സിത്താര കൃഷ്ണകുമാര്‍, ശബ്‌നം റിയാസ്, പ്രസീത ചാലക്കുടി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സ്റ്റീഫന്‍ ദേവസ്സി തുടങ്ങിയവരുടെ കലാപരിപാടികളും അരങ്ങേറും. തദ്ദേശിയരായ കലാകാരന്മാരുടെ പരിപാടികളും നടക്കും. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ 2000ത്തോളം കലാകാരന്മാര്‍ അണിനിരക്കും.ഫെസ്റ്റിവല്‍ ടിക്കറ്റുകളുടെ വില്‍പന കുടുംബശ്രീ വഴിയാണ് നടത്തുന്നത്. സഹകരണ ബാങ്കുകള്‍ വഴിയും ടിക്കറ്റ് വില്പനയുണ്ട്. ബീച്ചില്‍ പ്രത്യേക കൗണ്ടറും ടിക്കറ്റിന് വേണ്ടി ഒരുക്കും.