education

പ്ളസ് വൺ പ്രവേശനം: സ്‌കൂൾ വെയിറ്റേജ് ഒഴിവാക്കാൻ നീക്കം

17 April 2023 , 1:32 PM

 

 

 

തിരുവനന്തപുരം: പത്താം ക്ളാസിൽ പഠിച്ച അതേ സ്കൂളിൽ പ്ളസ് വൺ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ വെയിറ്റേജായി നൽകുന്ന രണ്ട് പോയിന്റ് നിറുത്തലാക്കാൻ ആലോചന.

 

ഇത് മെരിറ്റിനെ അട്ടിമറിക്കുമെന്ന, പ്രസ് വൺ പ്രവേശനത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച പ്രൊഫ. വി. കാർത്തികേയൻ നായർ കമ്മിറ്റിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

 

അതേ സമയം,, അപേക്ഷിക്കുന്ന സ്‌കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ കുട്ടികൾക്കുള്ള പ്രാദേശിക വെയിറ്റേജ് നിലനിറുത്തും. ഹൈസ്കൂൾ മാത്രമുള്ള സ്കൂളുകളിൽ പഠിച്ച് മികച്ച ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾ വെയിറ്റേജില്ലാത്ത കാരണത്താൽ പിന്നാക്കം പോകുന്നുണ്ട്. . നീന്തൽ അറിയാവുന്ന കുട്ടികൾക്ക് നൽകിയിരുന്ന രണ്ട് മാർക്കിന്റെ ബോണസ് പോയിന്റ് കഴിഞ്ഞ വർഷം നിറുത്തലാക്കിയിരുന്നു_

.

 

നിലവിലെ ഹയർ സെക്കൻഡറി ബാച്ചുകളിൽ അധികമായി മാർജിനൽ സീറ്റ് അനുവദിക്കരുതെന്ന നിർദ്ദേശവും കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നു. 50 കുട്ടികളാണ് ഒരു ബാച്ചിലെങ്കിലും പ്രവേശനം ആരംഭിച്ച ശേഷം കൂടുതൽ കുട്ടികളെ ഉൾപ്പെടുത്താൻ സർക്കാർ മാർജിനൽ സീറ്റുകൾ അനുവദിക്കാറുണ്ട്. ഇത് പഠന നിലവാരത്തെ ബാധിക്കും. വേണ്ടത്ര കുട്ടികളില്ലാത്ത ബാച്ചുകളുടെ എണ്ണം അതത് ജില്ലകളിൽ കുറയ്ക്കാനും, ആവശ്യമുള്ളിടത്ത് കൂടുതൽ ബാച്ചുകൾ അനുവദിക്കാനുമുള്ള നിർദ്ദേശവുമുണ്ട്.എന്നാൽ, മതിയായ കുട്ടികളില്ലെന്ന കാരണത്താൽ തെക്കൻ ജില്ലകളിലെ ബാച്ചുകൾ കുറയ്ക്കുന്നത് ഗ്രാമീണ, ആദിവാസി മേഖലകളിൽ പ്രവേശനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന അഭിപ്രായം അദ്ധ്യാപകർക്കിടയിലുണ്ട്. വിവിധ ഘട്ടങ്ങളിലെ അലോട്ട്മെന്റ് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏകജാലക സോഫ്ട്‌വെയർ തയാറാക്കിയ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ വിദഗ്ദ്ധരുമായി ചർച്ച ചെയ്യും. കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിനു സമർപ്പിക്കും