Sports

ന്യൂസിലൻ്റിനെ തകർത്ത് ട്വൻ്റി 20 ലോകകപ്പിൽ പാകിസ്ഥാൻ ഫൈനലിൽ

09 November 2022 , 5:45 PM

 

സിഡ്നി:  ട്വൻ്റി 20 ലോകകപ്പിൽ ന്യൂസിലൻ്റിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ.ന്യൂസിലൻ്റ് ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പാക് പട അനായാസം മറികടന്നു.അഞ്ച് ബോളുകള്‍ ബാക്കി നില്ക്കേ ഏഴ് വിക്കറ്റിനാണ് പാക് വിജയം.ടൂർണ്ണമെൻ്റിൽ ഇതാദ്യമായി ഫോം കണ്ടെത്തിയ ഓപ്പണർമാരായ മുഹമ്മദ് റിസ്വാനും, ക്യാപ്റ്റൻ ബാബർ അസവും തുടക്കം മുതൽ തകർത്തടിച്ചതോടെ ന്യൂസിലൻ്റ് പതറി. 6 ഓവർ പിന്നിട്ടപ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 55 റൺസ് എന്ന നിലയിലായിരുന്നു പാകിസ്ഥാൻ.നിലയുറപ്പിക്കും മുൻപ് ക്യാപ്റ്റൻ ബാബർ അസത്തെ പുറത്താക്കാനുള്ള അവസരം വിക്കറ്റ് കീപ്പർ തുലച്ചതോടെ ന്യൂസിലൻ്റിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു.42 പന്തില്‍ 53 റണ്‍സോടെ ട്രന്‍റ് ബോള്‍ട്ടിന്‍റെ പന്തില്‍ ബാബര്‍ അസം പുറത്താകുമ്പോള്‍ 12.4 ഓവറില്‍ 105 ന് ഒന്ന് എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍.

വിജയത്തിന് 21 റണ്‍സ് കൂടി വേണ്ടിയിരിക്കെ സഹ ഓപ്പണര്‍ മുഹമ്മദ് റിസ്വാനേയും 57(43) ബോള്‍ട്ട് മടക്കി.മുഹമ്മദ് ഹാരിസ് 30 (26) പുറത്തായെങ്കിലും അവസാന ഓവറില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം മതിയായിരുന്നു. ആദ്യ ബോള്‍ വൈഡെറിഞ്ഞതോടെ അഞ്ച് പന്തുകള്‍ ബാക്കി നില്ക്കേ പാക് പട വിജയം രുചിച്ചു.നേരത്തെ കൃത്യമായ ബോളിംഗും ഫീൽഡിംഗിലൂടെയും കീവി നിരയെ പാകിസ്ഥാൻ വരിഞ്ഞു മുറുക്കിയതോടെ നിശ്ചിത 20 ഓവറിൽ ന്യൂസിലൻ്റ് സ്കോർ നാല് വിക്കറ്റ് നഷ്ടത്തിൽ 152 റൺസിലൊതുങ്ങി.

 

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻ്റിനായി 35 ബോളിൽ 53 റൺസെടുത്ത് പുറത്താകാതെ നിന്ന ഡാരിൽ മിച്ചലാണ് തിളങ്ങിയത്.ക്യാപ്റ്റൻ കെയ്ൻ വില്യംസണ്‍ 42 ബോളിൽ 46 റൺസെടുത്ത് പുറത്തായി.പാകിസ്ഥാനായി ഷഹിൻ അഫ്രീദി 24 റൺസ് വഴങ്ങി രണ്ടും, മുഹമ്മദ് നവാസ് 12 റൺസ് വഴങ്ങി ഒന്നും വിക്കറ്റ് വീഴ്ത്തി. നാളെ നടക്കുന്ന ഇന്ത്യ, ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളുമായാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ പാകിസ്ഥാൻ ഏറ്റുമുട്ടുക.