Taste of Kerala

ഓണസദ്യ ഒരുക്കാം.. ശരിയായ വിധം

07 September 2022 , 9:02 AM

 

 ണമെന്ന് കേൾക്കുമ്പോൾ തന്നെ തൂശനിലയിൽ വിളമ്പിയ വിഭവ സമൃദ്ധമായ സദ്യ കൂടിയാണ് നമ്മുക്ക് ഓർമ്മ വരിക. 
പരിപ്പ്, പപ്പടം, നെയ്യ്, സാമ്പാര്‍, കാളന്‍, രസം, മോര്, അവിയല്‍, തോരന്‍, എരിശ്ശേരി, ഓലന്‍, കിച്ചടി, പച്ചടി, കൂട്ടുകറി, ഇഞ്ചി, നാരങ്ങ, മാങ്ങാ അച്ചാറുകള്‍, പഴം നുറുക്ക്, കായ വറുത്തത്, ശര്‍ക്കര വരട്ടി, അടപ്രഥമന്‍, പാലട, പരിപ്പ് പ്രഥമന്‍, സേമിയ പായസം, പാല്‍പ്പായസം തുടങ്ങിയവയാണ് ഓണസദ്യയിലെ വിഭവങ്ങള്‍. ഇതില്‍ പായസം മാത്രം ഒന്നോ രണ്ടോ അതിലധികമോ ആയി സ്ഥാനം പിടിച്ചേക്കാം. 
സദ്യ ഒരുക്കി കഴിഞ്ഞാല്‍ ആദ്യം കന്നിമൂലയില്‍ നിലവിളക്ക് കൊളുത്തി വച്ച് ചന്ദനത്തിരി കത്തിച്ച് തൂശനിലയില്‍ ഗണപതിയ്ക്കും മഹാബലിയ്ക്കുമായി വിളമ്പി നല്‍കണം. സദ്യയില്‍ ആദ്യം നെയ്യ് ചേര്‍ത്ത് കഴിക്കുന്ന പരിപ്പ് ചെറുപയര്‍ കൊണ്ടോ, തുവര പരിപ്പ് കൊണ്ടോ ആണ് കറി വയ്ക്കുക. സദ്യയുടെ അവിഭാജ്യ ഘടകമായ സാമ്പാര്‍ വിവിധ ഇടങ്ങളില്‍ പല രീതിയിലാണ് വെയ്പ്. സദ്യയുടെ ഏറ്റവും പ്രധാന വിഭവങ്ങളില്‍ ഒന്നാണ് അവിയല്‍.  ചേനയും കായയും കുമ്പളങ്ങയുമൊക്കെ ചേരുന്ന കൂട്ടുകറി മദ്ധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും നിര്‍ബന്ധമാണ് സദ്യയില്‍. ചേനയും കായയും തന്നെ എരിശ്ശേരിയിലെയും ചേരുവ. വെള്ളരിക്ക, കുമ്പളങ്ങ, വെണ്ടയ്ക്ക എന്നിവയിലൊന്ന് കൊണ്ട് ഉണ്ടാക്കുന്ന കിച്ചടി തെക്കന്‍ ജില്ലകളില്‍ ഏറെ പ്രചാരമുള്ളതാണ്.
പൈനാപ്പിള്‍, മാമ്പഴം, മത്തങ്ങ എന്നിവയൊന്ന് കൊണ്ടുള്ള പച്ചടി സദ്യയിലെ മധുരമുള്ള കറിയാണ്. കാബേജ്, ബീന്‍സ്, പയര്‍, ചേന, പച്ചക്കായ എന്നിവയിലേതെങ്കിലും തോരന് ഉപയോഗിക്കും. കായ മെഴുക്കു പുരട്ടിയും ചിലയിടങ്ങളില്‍ സാധാരണമാണ്. തൈരു കൊണ്ടുള്ള വിഭവങ്ങളില്‍ കാളനാണ് വടക്ക് ഏറെ പ്രിയം. കുറുക്കു കാളനും, പുളിശ്ശേരിയും സദ്യയില്‍ ഉണ്ടാകും. പൈനാപ്പിളോ, ഏത്തപ്പഴമോ കുമ്പളങ്ങയോ ഒഴിച്ചു കറിയായ പുളിശ്ശേരിക്ക് ഉപയോഗിക്കാറുണ്ട്. കാളന്‍ കൂട്ടി അവസാനം ചോറുണ്ണുന്ന പതിവുണ്ട്. കുറുക്കു കാളന്‍ കൈയ്യിലൊഴിച്ചാല്‍ വെളിയില്‍ പോകരുതെന്നാണ് പ്രമാണം. കാളന്റെ പുളിരസം ഓലന്‍ കുറയ്ക്കുമെന്നാണ്. വന്‍പയര്‍ ചേര്‍ത്ത് മത്തങ്ങയോ കുമ്പളങ്ങയോ ഉപയോഗിച്ച് തേങ്ങാപ്പാലിലാണ് ഓലന്‍ ഉണ്ടാക്കുക.
പായസത്തില്‍ അടപ്രഥമന്‍ തന്നെയാണ് പ്രധാനം. പണ്ട് തേങ്ങാപ്പാലാണ് ചേരുവയെങ്കില്‍ ഇന്ന് പാലിലാണ് പ്രഥമന്‍ കൂടുതലും ഉണ്ടാക്കുക. പാലടയോ പാല്‍പ്പായസമോ രണ്ടാം പായസമാകും. സേമിയയും പരിപ്പ് പ്രഥമനും സ്ഥിരം വിഭവങ്ങളിലൊന്നാണ്. തെക്കന്‍ കേരളത്തില്‍ അടയില്‍ പഴം ചേര്‍ത്ത് കഴിക്കുന്നതും പാലട, പാല്‍പ്പായസം, സേമിയ എന്നീ പായസങ്ങളില്‍ ബോളിയോ, കുഞ്ചാലഡുവോ ചേര്‍ത്ത് കഴിക്കുന്നതും പതിവാണ്. പഴയ തെക്കുംകൂര്‍ ഭാഗങ്ങളില്‍ സദ്യയ്ക്ക് എരിശ്ശേരി കുറവാണ്. കട്ടി കുറഞ്ഞ കാളനാണ് പുളിശ്ശേരിയെക്കാള്‍ ഇവിടെ പ്രിയം.
വള്ളുവനാട്ടില്‍ കാളന്‍ സദ്യയിലെ പ്രധാനികളിലൊന്നാണ്. മലബാറില്‍ സാമ്പാറിന് തേങ്ങ വറുത്തരച്ച് ചേര്‍ക്കാറുണ്ട്. പച്ച സാമ്പാര്‍ എന്ന പ്രയോഗവുമുണ്ട്. കൂട്ടുകറിയും ഓലനും എരിശ്ശേരിയും കാളനും സദ്യയ്ക്ക് പ്രധാനം. തലശ്ശേരിയില്‍ പുളിങ്കറി എന്ന വിഭവവും പ്രിയമാണ്. ഓണസദ്യ ഒരുക്കും പോലെ അത് വിളമ്പാനും ക്രമമുണ്ട്.