Tourism

നെല്ലിയാമ്പതിയെന്ന 'കേരളത്തിൻ്റെ ഊട്ടി'

06 November 2022 , 2:12 PM

 

പാലക്കാട്‌ ടൗണിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ സഞ്ചരിച്ചാൽ നെല്ലിയാമ്പതി എത്താം. നിത്യഹരിത വന മേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി 82 ചതുരശ്ര കിലോമീറ്ററാണ്. നെന്മാറയിൽ നിന്നാണ് നെല്ലിയാമ്പതിയിലേക്ക് പ്രധാന വഴി. ആദ്യം പോത്തുണ്ടി ഡാം കാണാം. അതും കഴിഞ്ഞ് പോയാൽ ഫോറസ്‌റ്റ് ചെക്ക് പോസ്റ്റ് ഉണ്ട്. അവിടെ പേരും വിവരവും കൊടുത്ത് വേണം പോകാൻ, അല്ലാത്ത പക്ഷം യാത്ര അനുവദിക്കുന്നതല്ല.

നെല്ലിയാമ്പതിയിലേക്ക് ഈ ഒരു റോഡ് മാത്രമാണ് ഉള്ളത്. വലിയ വളവുകളും തിരിവുകളുമുള്ള ചുരം പാത..

ചെക്ക് പോസ്റ്റ് മുതൽ മുകളിലേക്കുള്ള 17 കിലോമീറ്റർ റോഡ് വീതി കുറവാണ്. കാലവർഷം കാരണം റോഡുകളിലേക്ക് വിലങ്ങായി വീണ മരങ്ങൾ മുറിച്ചു മാറ്റിയ കാഴ്ച്ചകളും കണ്ടു. വയനാട് പോലെ, ഊട്ടി പോലെ മറ്റൊരു വഴിയിലൂടെ തിരിച്ചിറങ്ങാൻ കഴിയില്ല.

സ്വകാര്യ ബസ് സർവീസ് ഇല്ല. മുകളിൽ മുഴുവൻ ജീപ്പുകളിലാണ് യാത്ര.കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുന്നുണ്ട്. വന്യ ജീവികളുടെ സഞ്ചാര മാർഗങ്ങൾ ആയതിനാൽ സ്വകാര്യ വാഹനങ്ങളിൽ പോകുമ്പോൾ പരിചയമില്ലാത്ത സ്ഥലങ്ങളിൽ വാഹനം നിർത്തുന്നത് അത്ര നല്ലതല്ല.

ചെറിയ ഒരു സിറ്റിയാണ് നെല്ലിയാമ്പതി.

പെട്രോൾ പമ്പ് ഇല്ലാത്തതിനാൽ പോകുമ്പോൾ താഴെ നിന്ന് ആവശ്യത്തിന് പെട്രോൾ / ഡീസൽ കരുതുന്നത് നന്നാകും.

നെല്ലിയാമ്പതി -പുലയാൻപാറ- അങ്ങാടിയിലേക്ക് എത്തുമ്പോൾ ഇടത് ഭാഗത്തു ഓറഞ്ച് തോട്ടം കാണാം. അകത്തേക്ക് സൗജന്യമായി കയറുകയും തോട്ടം കാണുകയും ചെയ്യാം / പൂവോ കായയോ പറിച്ചാൽ 500 രൂപ പിഴയുണ്ട്..! ഓറഞ്ച് മാത്രമല്ല അതിനകത്ത് ഒരുപാട് ഫല വൃക്ഷങ്ങൾ ഉണ്ട്. അതിന്റെയൊക്കെ തൈ വാങ്ങാനുള്ള സൗകര്യങ്ങളും അകത്തുണ്ട്.

 

(✍️ രതീഷ് പരുത്തിപ്പുള്ളി)