Entertainment

വിവാഹിതരായ സുന്ദരിമാര്‍ റാമ്പിലേയ്ക്ക്: സൗന്ദര്യമത്സരം നാളെ ആലപ്പുഴയില്‍

22 September 2023 , 4:55 PM

 

ആലപ്പുഴ: വിവാഹിതരായ മലയാളി സ്ത്രീകള്‍ സെപ്റ്റംബര്‍ 23ന് ആലപ്പുഴ കാംലോട്ട് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന
മിസിസ് കേരള 2023 മത്സരത്തിലൂടെ റാമ്പിലെത്തുന്നു.  ആലപ്പുഴ കാംലോട്ട് ഹോട്ടലില്‍ സെപ്റ്റംബര്‍ 23ന് നടക്കും. സ്വപ്നങ്ങളും അവസരങ്ങളും കുടുംബങ്ങള്‍ക്ക് വേണ്ടി ത്യജിക്കുവാന്‍ നിര്‍ബന്ധിതരാകുന്ന വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വീണ്ടും കടന്നുവരാന്‍ പ്രേരിപ്പിക്കുകയും അതിനാവശ്യമായ ആത്മവിശ്വാസവും
പ്രോത്സാഹനവും നല്‍കി സ്ത്രീശാക്തീകരണം സാധ്യമാക്കുകയുമാണ് എസ്പാനിയോ ഇവന്റസ് മിസിസ് കേരള 2023 മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.
വിവാഹശേഷവും വലിയ സ്വപ്നങ്ങള്‍ കാത്തുസൂക്ഷിക്കുന്നതും കേരളത്തില്‍ വേരുകളുള്ളതുമായ സ്ത്രീകളുടെ സ്വപ്നസാഫല്യമാണ് മിസിസ് കേരള. മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമായി നിരവധി മെഗാ ഇവന്റുകള്‍ അവതരിപ്പിച്ച് വിജയിപ്പിച്ച എസ്പാനിയോ ഇവന്റ്സാണ് മിസിസ് കേരള മത്സരം സംഘടിപ്പിക്കുന്നത്. പ്രമുഖ പരസ്യ ഏജന്‍സിയായ ബ്ലാക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സാണ് മാര്‍ക്കറ്റിംഗും പ്രമോഷനും നിര്‍വഹിക്കുന്നത്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയാണ് മിസിസ് കേരള 2023ന്റെ ടൈറ്റില്‍ സ്പോണ്‍സര്‍.
മൂന്ന് റൗണ്ടുകളിലായി നടക്കുന്ന സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ ലഭിച്ച മൂവായിരത്തോളം അപേക്ഷകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 27 പേരാണ് റാംപിലെത്തുന്നത്. ആദ്യ റൗണ്ട് കേരളത്തിലെ പരമ്പരാഗത കൈത്തറി നെയ്ത്തുകാരെ പിന്തുണക്കാനായി കൈത്തറി സാരികള്‍ക്കായി മാറ്റിവെച്ചതാണ് മത്സരത്തിലെ പ്രധാന ആകര്‍ഷണം.

മിസിസ് കേരളയില്‍ മത്സരിക്കുന്ന എല്ലാ മത്സരാര്‍ഥികളും മത്സരത്തിന്റെ ഭാഗമായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി
വരുന്നുവെന്നുള്ളതും പ്രധാന ആകര്‍ഷണമാണ്. സൗത്ത് ആഫ്രിക്ക, ഖത്തര്‍, ദുബായ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള മികച്ച വിദ്യാഭ്യാസ
യോഗ്യതയുള്ള പ്രൊഫഷണലുകളും മിസിസ് കേരള 2023ല്‍ പങ്കെടുക്കുന്നു.

മത്സരാര്‍ത്ഥികളുടെ ത്വക്കിന്റെ നിറത്തിന് പ്രാധാന്യം കൊടുക്കാതെ അവരുടെ മനോഭാവം, ബുദ്ധി, ആരോഗ്യം, ആത്മവിശ്വാസം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ജൂറി വിജയിയെ നിശ്ചയിക്കുക. മൂന്ന് ദിവസത്തെ ഗ്രൂമിങ്ങ് സെഷന് ശേഷമാണ് മല്‍സരാര്‍ഥികള്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുന്നത്. സെലിബ്രിറ്റീസ്, ഫാഷന്‍
സ്റ്റൈലിസ്റ്റിസ് എന്നിവരടങ്ങുന്ന ജൂറി മിസിസ് കേരളയുടെ പ്രധാന ആകര്‍ഷണമാണ്.

മിസിസ് കേരള ബ്രാന്‍ഡ് അംബാസിഡറും 2017ലെ ടൈറ്റില്‍ വിന്നറുമായ സജിനാസ് സലിം രചന നിര്‍വ്വഹിച്ച ''ദി ജേര്‍ണി ഓഫ് മിസിസ് കേരള'' എന്ന പുസ്തകത്തിന്റെ ടൈറ്റില്‍ അനാച്ഛാദന കര്‍മ്മവും ഇതോടനുബന്ധിച്ച് നടക്കും. എസ്പാനിയോ ഇവന്റസ് ചെയര്‍മാന്‍ അന്‍വര്‍ എ ടി, മിസിസ് കേരളയുടെ ബ്രാന്‍ഡ് അംബാസിഡര്‍
സജിനാസ് സലിം, കൊറിയോഗ്രാഫര്‍ ദാലു കൃഷ്ണദാസ് എന്നിവരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

മിസിസ് കേരള സൗന്ദര്യ മത്സരത്തിന്റെ അവസാനവട്ട ഗ്രൂമിംഗ് സെഷനില്‍ നിന്ന്