Spiritual

നാഗപുണ്യം പകരുന്ന മണ്ണാറശാല

15 November 2022 , 11:45 AM

 

 

രിപ്പാട് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യ ഉത്സവം നാളെ (നവംബർ 16) നടക്കും. ഇന്ന് വിശേഷമായ പൂയം തൊഴൽ ദിനമാണ്. നാളെയാണ് ആയില്യ പൂജയും മറ്റു അനുബന്ധ ചടങ്ങുകളും.ഐതിഹ്യങ്ങളോടൊപ്പം വിശ്വാസവും ചരിത്രവും ഇഴപിരിഞ്ഞ് കിടക്കുന്ന ക്ഷേത്രമാണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം.

നാഗദൈവ വിശ്വാസികളുടെയും നാഗത്താന്‍മാരുടെയും സങ്കേതമാണ് മണ്ണാറശ്ശാല ക്ഷേത്രം.പരശുരാമന്‍ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തെക്കുറിച്ചറിയാം.

മക്കളില്ലാതെ വിഷമിച്ചിരുന്ന മണ്ണാറശ്ശാല ഇല്ലത്തെ ദമ്പതികളായ വസുദേവനും ശ്രീദേവിയും സര്‍പ്പരാജാവിനെ പൂജിച്ചിരുന്നു.അങ്ങനെ അവര്‍ക്ക് മുന്നില്‍ മകനായി നാഗരാജാവായ അനന്തന്‍ സ്വയം അവതരിച്ചു എന്നാണ് ഐതിഹ്യം. ഇല്ലത്തെ നിലവറയില്‍ നാഗരാജാവ് ചിരംജീവിയായി വാഴുന്നുവെന്നാണ് വിശ്വസിക്കുന്നത്.ക്ഷേത്രത്തിന്റെ ഉത്ഭവത്തെപ്പറ്റി നിരവധി ഐതിഹ്യങ്ങള്‍ വേറെയുമുണ്ട്. പരശുരാമന്‍ സ്ഥാപിച്ചതാണ് മണ്ണാറശ്ശാല ക്ഷേത്രമെന്നത് അതിലൊന്നാണ്.

നാഗരാജാക്കന്‍മാര്‍ക്കുള്ള ക്ഷേത്രം

അനന്തനെന്നും വാസുകിയെന്നും അറിയപ്പെടുന്ന നാഗരാജാക്കന്‍മാര്‍ക്കുള്ള ക്ഷേത്രമാണിത്. ശൈവ നാഗങ്ങളായ വാസുകിയും നാഗയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തോടു ചേര്‍ന്നുള്ള നിലവറയില്‍ അനന്തന്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. 

 

മണ്ണാറശ്ശാല വലിയമ്മ

ക്ഷേത്രത്തിലെ പ്രധാന പൂജകള്‍ക്ക് നേതൃത്വം നല്കുന്നത് മണ്ണാറശ്ശാല ഇല്ലത്തെ മുതിര്‍ന്ന സ്ത്രീയാണ്. വലിയമ്മ എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ക്ക് നാഗരാജാവിന്റെ അമ്മയുടെ സ്ഥാനമാണ് കൽപ്പിച്ചിരിക്കുന്നത്.മണ്ണാറശ്ശാല ഇല്ലത്തില്‍ വധുവായെത്തുന്ന ഏറ്റവും മുതിര്‍ന്ന സ്ത്രീയാണ് മണ്ണാറശ്ശാല അമ്മയായി അവരോധിക്കപ്പെടുന്നത്. പുറംലോകവുമായി അധികം ബന്ധമില്ലാത്ത ഇവര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമാണ്. 

മണ്ണാറശ്ശാല ആയില്യം എന്ന പേരില്‍ പ്രസിദ്ധമാണ് തുലാ മാസത്തില്‍ നടക്കുന്ന പൂജകള്‍.ആയില്യത്തിന് 15 മണിക്കൂര്‍ നീളുന്ന ചടങ്ങുകളാണുള്ളത്. ഇതിനെല്ലാത്തിനും മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് മണ്ണാറശ്ശാല വലിയമ്മയാണ്.കുംഭമാസത്തിലെ ആയില്യവും ഇവിടെ പ്രാധാന്യമുള്ള ദിവസമാണ്. മണ്ണാറശ്ശാലയിലെ നാഗരാജാവിന്റെ പിറന്നാള്‍ ദിവസമായി ആഘോഷിക്കുന്ന അന്ന് വലിയമ്മ നാഗരാജാവിനെ ഇല്ലത്തേക്ക് എഴുന്നള്ളിച്ച് തെക്കേ തളത്തിലിരുത്തി നൂറും പാലും കുരുതിയും നടത്തുക പതിവാണ്. 

ഉരുളി കമഴ്ത്തല്‍

മണ്ണാറശ്ശാല ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് ഉരുളി കമഴ്ത്തല്‍.സന്താനഭാഗ്യമില്ലാത്ത ദമ്പതികള്‍ പ്രാര്‍ത്ഥനയോടെ സമര്‍പ്പിക്കുന്ന ഉരുളി അമ്മ നിലവറയില്‍ കമിഴ്ത്തി വയ്ക്കും. പിന്നീട് സന്താാനത്തോടു കൂടി വന്ന് വഴിപാടുകള്‍ നടത്തി ഉരുളി നിവര്‍ത്തിപ്പിക്കുകയും ചെയ്യുമ്പോഴാണ് വഴിപാട് പൂര്‍ത്തിയാവുക. 

ക്ഷേത്രത്തിൽ എത്തിച്ചേരാന്‍ -

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടു നിന്നും മൂന്നു കിലോമീറ്റര്‍ അകലെയാണ് മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം. ഹരിപ്പാട്, മാവേലിക്കര, കായംകുളം എന്നിവയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍.സര്‍പ്പദോഷങ്ങള്‍ അകലാനും കുട്ടികള്‍ക്കും കുടുംബത്തിനും അഭിവൃദ്ധിയുണ്ടാകുവാനും വിശ്വാസികള്‍ ഇവിടെയെത്തുന്നു.