Taste of Kerala

രുചിയിൽ കേമൻ രാമശ്ശേരി ഇഡ്ഡലി കഴിക്കാം

30 October 2022 , 5:09 PM

 

പാലക്കാട് ടൗണിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ( പൊള്ളാച്ചി റൂട്ട്) പോയാൽ, ഒരു ഭക്ഷ്യവിഭവം കൊണ്ട് പ്രശസ്തമായ രാമശ്ശേരി എന്ന തനി നാടൻ ഗ്രാമത്തിലെത്താം. അവിടെയുള്ള മന്ദത്ത് ഭഗവതി ക്ഷേത്രത്തിനു പരിസരത്തുള്ള ഏതാനും വീട്ടുകാരാണ് രാമശ്ശേരി ഇഡ്ഡലി എന്ന അല്പം വെറൈറ്റി ആയ ഇഡ്ഡലി ഉണ്ടാക്കുന്നത്.

കാലങ്ങളായി ഇവിടെയുള്ള മുതലിയാർമാരാണ് ഇതിൻ്റെ ഉപജ്ഞാതാക്കൾ. വിറകടുപ്പിൽ, മൺതട്ടുകളിൽ നൂലുകൾ കെട്ടി അതിന് മുകളിൽ തുണി വച്ചാണ് മാവ് ഒഴിക്കുന്നത്. പൊന്നി അരി, ഉഴുന്ന്, ഉലുവ എന്നിവയാണ് പ്രധാന ചേരുവകൾ. സാധാരണ ഇഡ്ഡലിയേക്കാൾ വലുതായ ഇതിന് അകമ്പടിയായി സാമ്പാർ, ചട്നി ,ഉള്ളിച്ചമ്മന്തി, ചമ്മന്തിപ്പൊടി എന്നിവയുമുണ്ട്. 

കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ കട സരസ്വതി ടീ സ്റ്റാൾ ആണത്രേ. ഏതു സമയം പോയാലും സാധനം റെഡി. ദിവസം ഏതാണ്ട് 2000-2500 എണ്ണം വരെ ചെലവാകുമെന്ന് കടയുടമ പറയുന്നു. ഒരിഡ്ഡലിക്ക് 8 രൂപ... ഉഴുന്നുവട, മിക്സ്ചർ, മൈസൂർ പാക്ക് എന്നിവയുമുണ്ട് ഇവിടെ.

( എഴുത്ത്: സുരേഷ് വാരിയെത്ത് )