Spiritual

കാഴ്ചയുടെ വിരുന്നായി കോട്ടാങ്ങൽ വലിയപടയണി

28 January 2023 , 7:07 AM

 

പടയണി മഹോത്സവത്തിന് പ്രസിദ്ധമായ പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍ ദേവീ ക്ഷേത്രത്തിൽ കോട്ടാങ്ങൽ കരക്കാരുടെ വലിയപടയണി ഇന്ന്. ധനുമാസത്തിലെ (ഡിസംബര്‍ - ജനുവരി) ഭരണി നാളില്‍ ചൂട്ടുകത്തിയ്ക്കല്‍ എന്ന ചടങ്ങോടെ ആരംഭിച്ച് മകരമാസത്തിലെ (ജനുവരി - ഫെബ്രുവരി) ഭരണി നാളില്‍ വലിയ പടയണിയോടെയാണ് ചടങ്ങുകൾ അവസാനിക്കുന്നത്.

പടയണിയില്‍ ഉപയോഗിക്കുന്ന പ്രധാന ക്ഷേത്രവാദ്യമാണ് തപ്പുമേളം.

യക്ഷിക്കോലം, പാലഭൈരവി, അറക്കിയക്ഷി, മറുതക്കോലം, പക്ഷിക്കോലം, കാലന്‍കോലം, ഭൈരവി, മയ യക്ഷി തുടങ്ങിയ വിവിധ കോലങ്ങള്‍ കോട്ടാങ്ങലില്‍ കാണാം.

ഇന്നലെ കുളത്തൂർ  കരക്കാരുടെ വലിയ  പടയണി ചടങ്ങുകൾ  അവസാനിച്ചതോടെ ആചാരപരമായി  പടയണി ചടങ്ങുകൾ  കോട്ടാങ്ങൽ  കരക്കാർ ഏറ്റെടുത്തു.   മഠത്തിൽ വേലക്കു ശേഷം  കിഴക്കേ  നടയിൽ തിരുമുമ്പിൽവേല, തിരുമുൻപിൽ  പറ എന്നിവ  നടക്കും. രാത്രി   പന്ത്രണ്ടിന്‌ വലിയ  പടയണി  ആരംഭിക്കും. പ്രകൃതി  ദത്തമായ  വർണ്ണങ്ങൾ ഉപയോഗിച്ച്  101 പച്ച  പാളകളിൽ  ദേവീ  രൂപം എഴുതി തുള്ളുന്ന  101 പാള ഭൈരവികോലം വലിയ പടയണി നാളിലാണ് എത്തുന്നത്. തുടർന്ന് 64,32,16 പാള ഭൈരവികൾ, യക്ഷി, അരക്കി യക്ഷി, മറുത, കൂട്ട മറുത, പക്ഷി, കാലൻ എന്നീ  കോലങ്ങളും  വിനോദങ്ങളും  കളത്തിൽ  എത്തും. പുലയൻ  പുറപ്പാട്, അന്തോണി, പരദേശി  തുടങ്ങിയ  വിനോദങ്ങൾ നിലവിൽ  ഉണ്ടായിരുന്ന  സാമൂഹിക  ക്രമത്തെ  ആരോഗ്യപരമായി  അവതരിപ്പിക്കുന്നു. മാർകണ്ടേയ  ചരിതമാണ് കാലൻ  കോലതിന്റെ  ഇതിവൃത്തം. തുടർന്ന്  മംഗള ഭൈരവി കളത്തിൽ  എത്തും. ഞായറാഴ്ച ഭരണി  നാളിൽ  ഇരുകരക്കാരും  പുലവൃത്തം തുള്ളുന്നതോടെ മത്സരപടയണിക്കു പര്യവസാനമാകും.