Taste of Kerala

കൂത്തുപറമ്പ് കല്ലു കഫേയിലെ അവൽ മാഹാത്മ്യം; 125 വർഷം പഴക്കമുള്ള ചായക്കട

രാജിലൻ എം.സി

04 October 2022 , 9:07 PM

 

ദ്യോഗികമായ യാത്രയിലാണ് സാരഥി അനൂപ് 125 വർഷം പഴക്കമുള്ള ഒരു പ്രത്യേക ചായക്കടയെ കുറിച്ച് പറഞ്ഞത്. തീർച്ചയായും കയറണമെന്നു തോന്നി. കണ്ണൂർ കൂത്തുപറമ്പു റൂട്ടിൽ കിണവക്കൽ എന്ന സ്ഥലത്ത് വഴിവക്കിൽ ഒരു ചായക്കട..... 

പക്ഷേ അതിന് ഒരു ചരിത്രമുണ്ട്.... ഒട്ടേറെ സവിശേഷതകളും.

കൊല്ലവർഷം 1072 ചിങ്ങമാസം 6-ാം തീയതി അച്ചുതൻ ആരംഭിച്ചതാണ് നാല് തലമുറകൾ നീളുന്ന ചായക്കട ചരിത്രം. 

അന്നതിന് പ്രത്യേകിച്ച് പേരൊന്നും ഇല്ലായിരുന്നു.

 ഒരു ഓലക്കട

പക്ഷേ ഒരു പ്രത്യേകത ഉണ്ടായിരുന്നു.....

നല്ല അവലും അതിൽ ചീകിയിട്ട മധുരമുള്ള തേങ്ങയും,ചക്കരയും നാടൻ പഴവുമാണ് ഇവിടുത്തെ പ്രധാന വിഭവം. കുടിക്കാൻ കാപ്പിപ്പൊടിയും ഉലുവപ്പൊടിയും  ചേർത്ത മിശ്രിതമിട്ട നല്ല ചൂട് കട്ടൻ കാപ്പിയും.....

 

അച്ചുതനു ശേഷം സഹോദരി കല്ലുവാണ് അവൽ മാഹാത്മത്തിന്റെ പാരമ്പര്യം ഏറ്റെടുത്തത്. അങ്ങനെ കടയ്ക്ക് ഒരു പേരു വീണു.... 

കല്ലു കഫെ.....

പതിനേഴ് വർഷങ്ങൾക്കു മുമ്പാണ് പഴയ ഓലപ്പുരയിൽ നിന്നും കല്ലൂ കഫേ ഇന്നത്തെ കടയിലേക്ക് മാറിയത്.  രണ്ട് തലമുറകളുടെ പാരമ്പര്യം ദീർഘകാലം കാത്തുസൂക്ഷിച്ച നാണു കല്ലുവിന്റെ സഹോദര പുത്രനായിരുന്നു. ഒന്നര മാസം മുമ്പ് അദ്ദേഹം അവിസ്മരണീയതയിലേക്ക് പൂർണ്ണ ആരോഗ്യവാനായിത്തന്നെ നടന്നുനീങ്ങിയപ്പോൾ നാലാം തലമുറയിലെ സായീരാജ് കുടുംബത്തിന്റെ അവൽ പാരമ്പര്യം ഏറ്റെടുത്തു....... 

കോവിഡിനു ശേഷം നാടുണരാത്തതിന്റെ വിഷമം ഉള്ളിലൊതുക്കിയാണെങ്കിലും പാരമ്പര്യത്തിന്റെ മഹത്വം പറയുമ്പോൾ ആ എക്സ്കാ ഗൾഫുരന്റെ കണ്ണിൽ അഭിമാനത്തിന്റെ തിളക്കമുണ്ടായിരുന്നു. 

പുറത്തു തകർത്തു ചെയ്യുന്ന പെരുമഴയെ തോല്പിക്കുന്ന ശക്തിയിലാണ് എസ്.കെ പൊറ്റക്കാടിന്റെ ആത്മകഥയിൽ എഴുതപ്പെട്ട അവൽ മാഹാത്മ്യം അദ്ദേഹം വിളമ്പിയത്.  ഞങ്ങൾ ഉലുവയിട്ട ചൂടുകാപ്പിയും അവലും കഴിക്കുമ്പോൾ ഇതേ ബഞ്ചിലിരുന്ന് അവൽ കഴിച്ച മഹാൻമാരുടെ പേരുകൾ പറയുക മായിരുന്നു സായി....

ഇ.എം.എസ്, എ.കെ.ജി, നായനാർ പി.കെ.വി എന്നിങ്ങനെ കാലയവനികയിൽ മറഞ്ഞവരും കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും, ശ്രീ പന്ന്യം രവീന്ദ്രനും അവൽ രുചിച്ച രാഷ്ടീയ നേതാക്കളിൽ പ്രധാനപ്പെട്ട ചിലരെങ്കിൽ സത്യൻ അന്തിക്കാടും , ഹരിഹരനുമടക്കമുള്ള സിനിമക്കാരും ഇവിടെ എത്തി അവൽ രുചി അറിഞ്ഞവരാണത്രേ...

പെയ്തു തീരാത്ത മഴ പോലെ പറഞ്ഞു തീരാത്ത അവൽ മാഹാത്മ്യ ചരിത്രം സായി അയവിറക്കുമ്പോൾ ഞങ്ങൾ അവൽ കഴിച്ചു പൂർത്തിയാക്കിയിരുന്നു...... 

ശ്രീകൃഷ്ണനെ അവൽ കൊടുത്തു മയക്കിയ കുചേലനാണോ..... കല്ലൂ കഫേയിൽ അവൽ കഴിക്കാൻ എത്തിയ മഹാൻമാരാണോ ആരാണ് മനസ്സിലുണ്ടായിരുന്നതെന്നറിയില്ല....

ചിലത് അങ്ങനെയാണ്......

കൊല്ലം കണ്ടച്ചിറയിൽ നിന്നും കടപ്പാക്കട, കുമാരപുരം വഴി കണ്ണൂർ കിണവക്കൽ വന്ന് അവലും, തേങ്ങയും ശർക്കരയും പഴവും ഉലുവ കാപ്പിയും കഴിക്കാൻ കിട്ടിയ ഭാഗ്യത്തിന് നന്ദി പറഞ്ഞ് അനൂപിനൊപ്പം വണ്ടിയിൽ കയറിയപ്പോൾ ഒന്നേ പിന്നെയും ചിന്തിച്ചുള്ളൂ..... 

അവൽ കൊടുത്തു മയക്കിയ കുചേലനാണോ

       കല്ലൂ കഫെയിൽ നിന്നും അവൽ കഴിച്ച മഹാൻമാരാണോ ........................

എഴുത്ത്: രാജിലൻ എം.സി