Tourism

കാണാം..മൺറോ തുരുത്തിന്റെ മനോഹര കാഴ്ചകൾ

04 October 2022 , 11:12 PM

 

കൊല്ലം: അഷ്ടമുടി കായലിനും കല്ലടയാറിനും ഇടയിലുള്ള ദ്വീപു സമൂഹം മൺറോതുരുത്ത് ഇന്ന് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം. തദ്ദേശീയരായ സഞ്ചാരികളാണ് കോവിഡാനന്തരം മൺറോതുരുത്തിലേക്ക് പ്രവഹിക്കുന്നത്.

തിരുവതാംകൂറിലെ റെസിഡന്റായിരുന്ന മൺറോ സായിപ്പിന്റെ പേരിലറിയപ്പെടുന്ന ദ്വീപ് ഇന്ന് വിദേശത്തും സ്വദേശത്തുമുള്ള നിരവധി വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ്. വിവിധ ദ്വീപുകളെ ബന്ധിപ്പിക്കുന്ന കലുങ്കുകളുടെ അടിയിലൂടെ കെട്ടുവള്ളങ്ങളിലുള്ള കനാൽ യാത്ര ഹൃദ്യമായ അനുഭവമാണ്. ഈ  യാത്രയിൽ ചെമ്മീൻ കെട്ടുകൾ, ജലത്തിൽ തുള്ളി കളിക്കുന്ന മത്സ്യങ്ങൾ , കടൽകാക്കകൾ എന്നിവയുടെ മനോഹര കാഴ്ചകൾ ആസ്വദിക്കാം.

വിവിധ ഇനം കണ്ടലുകൾ തീർത്ത മനോഹര ഇടങ്ങൾ പ്രകൃതി തീർത്ത കണ്ടൽ ആർച്ച് (ഗേറ്റ് വേ ഓഫ് മൺറോ ) പ്രധാന ആകർഷണമാണ്. രണ്ട്  മണിക്കൂർ നേരം പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റിയ ഒരിടം.

തിരുവനന്തപുരം - കൊല്ലം റെയിൽവേറൂട്ടിൽ മൺറോ തുരുത്ത് റെയിൽവേസ്റ്റേഷനടുത്തുള്ള എ.ഡി 1878 പണിതീർത്ത ഡച്ച് പള്ളി തുരുത്തിലെ മറ്റൊരു ആകർഷണമാണ്. രുചികരമായ ഹോംലി മീൽസും ഇവിടെ ലഭ്യമാണ്. മൺറോ ദ്വീപ് പല ഭാഗത്തും ജലനിരപ്പിനേക്കാൾ താഴെയായി കഴിഞ്ഞു. എന്നാൽ ഈ പ്രദേശങ്ങളും സഞ്ചരികളുടെ ഇഷ്ട കേന്ദ്രങ്ങളായി മാറി കഴിഞ്ഞു.