News

ഉച്ചക്ക് ഒന്നരക്ക് കോടിയേരിയുടെ മൃതദേഹം കണ്ണൂരിലെത്തിക്കും; 14 ഇടങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സൗകര്യം

02 October 2022 , 12:06 PM

 

കണ്ണൂര്‍: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍െ്‌റ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിക്കും. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും 11.30 ഓടെ കണ്ണൂരിലേയ്ക്ക് എയര്‍ ആംബുലന്‍സ് പുറപ്പെട്ടിട്ടുണ്ട്. ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ 14 ഇടത്ത് സൗകര്യം ഒരുക്കും. തിരക്ക് കുറയ്ക്കാനാണ് വിലാപയാത്രയ്ക്കിടയില്‍ 14 ഇടത്ത് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കുന്നതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ അറിയിച്ചു. തലശേരി ടൗണ്‍ഹാളില്‍ രാത്രി 12 മണി വരെ പൊതുദര്‍ശനമുണ്ടാകും. തിരക്ക് നീണ്ടാല്‍ പൊതുദര്‍ശനം അതിനനുസരിച്ച് ക്രമീകരിക്കും. നാളെ തലശ്ശേരി, ധര്‍മടം, ന്യൂമാഹി, കണ്ണൂര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ ഹര്‍ത്താലുണ്ടാകുമെന്നും ജയരാജന്‍ അറിയിച്ചു. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെയും ഹോട്ടലുകളെയും ഒഴിവാക്കിയിട്ടുണ്ട്. നാളെ വീട്ടില്‍ നിന്ന് പാര്‍ട്ടി ഓഫിസിലേക്കുള്ള വിലാപയാത്രയ്ക്കിടയിലും വാഹനത്തില്‍ പൊതുദര്‍ശന സൗകര്യം ഒരുക്കും. പയ്യാമ്പലത്തെ സംസ്‌കാര ചടങ്ങില്‍ ബന്ധുക്കളും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും മന്ത്രിമാരും മാത്രമാണ് പങ്കെടുക്കുക.