News

വിദ്യാര്‍ത്ഥികളെ പ്രിൻസിപ്പൽ പൂട്ടിയിട്ടെന്ന പരാതി: കാസര്‍ഗോഡ് ഗവ.കോളജ് താത്ക്കാലികമായി അടച്ചു

24 February 2023 , 7:38 AM

 

 

കാസർകോട്: വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടെന്ന പരാതിയില്‍ കാസര്‍ഗോഡ് ഗവ.കോളജ് താത്ക്കാലികമായി അടച്ചു.പ്രിന്‍സിപ്പലിനെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കോളജ് അടച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

കുടിവെള്ള പ്രശ്‌നം സംസാരിക്കാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നാണ് പരാതി. കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളജിലെ പ്രിന്‍സിപ്പല്‍ എം രമയ്‌ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്.  പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.അതേ സമയം കാസർകോട് ഗവ.കോളേജ് പ്രിൻസിപ്പാളിന്റെ ചുമതലയിൽനിന്ന് എൻ രമയെ നീക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിർദേശം നൽകി. ക്യാമ്പസിലെ കുടിവെള്ള പ്രശ്നമുന്നയിച്ച വിദ്യാർത്ഥികളെ പ്രിൻസിപ്പാൾ ചേംബറിൽ പൂട്ടിയിട്ടുവെന്ന പരാതിയെത്തുടർന്നാണ് നടപടി നിർദ്ദേശം. കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് ഇതിനാവശ്യമായ നിർദ്ദേശം നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. പ്രിൻസിപ്പാളിനെതിരെ കോളേജിൽ എസ്എഫ്ഐയുടെ സമരം നടക്കുന്നതിനിടെയാണ് ഉത്തരവ്.