News

എക്‌സൈസ് പരിശോധനയില്‍ നിന്ന് രക്ഷപെടാന്‍ കഞ്ചാവ് വിഴുങ്ങി: ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തു

24 November 2022 , 12:06 PM

 

കോട്ടയം: എക്‌സൈസ് സംഘത്തിന്‍െ്‌റ പരിശോധനയില്‍ നിന്ന് രക്ഷപെടാന്‍ യുവാവ് കഞ്ചാവ് വിഴുങ്ങി. ശ്വാസംമുട്ടി മരണത്തോട് മല്ലടിച്ച യുവാവിനെ ആശുപത്രിയിലെത്തിച്ച് കഞ്ചാവ് പുറത്തെടുത്ത് എക്‌സൈസ് സംഘം. കോട്ടയം സംക്രാന്തി മാമ്മൂട് സ്വദേശി ചിറ്റിലക്കാലായില്‍ ലിജുമോന്‍ ജോസഫ് (35) ആണ് പിടിയിലായത്. കോട്ടയത്ത് സംക്രാന്തി പേരൂര്‍ റോഡില്‍ ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. ഏറ്റുമാനൂര്‍ എക്‌സൈസ് സംഘം നടത്തിയ പട്രോളിങ്ങിനിടെ മാമ്മൂട് കവലയില്‍ വെച്ച് ഇയാളെ കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്തു. എന്നാല്‍ ദേഹപരിശോധന ഭയന്ന് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എക്‌സൈസ് സംഘം സാഹസികമായി പിടികൂടിയതോടെ നിവൃത്തിയില്ലാതെ കൈവശം ഉണ്ടായിരുന്ന കഞ്ചാവ് പൊതി വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇത് പുറത്തെടുക്കാന്‍ എക്‌സ്സൈ് സംഘം ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ കഞ്ചാവ് പൊതി തൊണ്ടയില്‍ കുടുങ്ങി, ശ്വാസതടസം അടക്കമുള്ള അസ്വസ്ഥതകള്‍ കാണിച്ചതോടെ യുവാവിനെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. തുടര്‍ന്ന് വിഴുങ്ങിയ കഞ്ചാവ് പുറത്തെടുത്തു. ആശുപത്രിയില്‍ അഡ്മിറ്റാക്കിയ പ്രതിയെ ഇന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. ചെറിയ കടലാസ് പൊതികളിലുള്ള കഞ്ചാവും ഇയാളുടെ കൈവശത്തു നിന്നും പിടിച്ചെടുത്തതായി എക്‌സൈസ് സംഘം പറഞ്ഞു.