Sports

ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ

13 March 2023 , 12:26 PM

 

അഹമ്മദാബാദ്: ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ.

ക്രൈസ്റ്റ് ചർച്ചിൽ നടന്ന ന്യൂസിലൻ്റ് - ശ്രീലങ്ക ഒന്നാം ടെസ്റ്റിൽ ന്യൂസിലൻ്റ് ജയിച്ചതും, അഹമ്മദാബാദ് ടെസ്റ്റില്‍ തോല്ക്കില്ലെന്ന് ഉറപ്പായതോടെയുമാണ് ഇന്ത്യ ഫൈനലിൽ എത്തിയത്.

അഹമ്മദാബാദിൽ ഇന്ത്യ തോല്ക്കുകയോ സമനില വഴങ്ങുകയോ ചെയ്യുകയും ന്യൂസിലൻ്റിനെതിരെ ശ്രീലങ്ക 2-0 മാർജിനിൽ പരമ്പര നേടുകയും ചെയ്തിരുന്നെങ്കില്‍ ശ്രീലങ്ക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ ഇടം പിടിക്കുമായിരുന്നു.

ജൂണിൽ ഇംഗ്ളണ്ടിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുക.

ആവേശം വാനോളം ഉയര്‍ന്ന ഒന്നാം ടെസ്റ്റില്‍ രണ്ട് വിക്കറ്റിനാണ് ന്യൂസിലന്‍റ് ജയം.

ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഡാരിൽ മിച്ചലും, ഒരറ്റത്ത് നങ്കൂരമിട്ട കെയ്ന്‍ വില്യംസണുമാണ് ക്രൈസ്റ്റ് ചർച്ചിൽ ന്യൂസിലൻ്റ് വിജയത്തിന് അടിത്തറ പാകിയത്.

അഞ്ചാം ദിവസം ഒൻപത് വിക്കറ്റ് ശേഷിക്കെ 257 റൺസായിരുന്നു ന്യൂസിലൻ്റിന് വിജയത്തിലേക്ക്  വേണ്ടിയിരുന്നത്. 

തുടക്കത്തിലേ ടോം ലാതമിനേയും തുടർന്ന് ഹെൻറി നിക്കോൾസിനേയും നഷ്ടപ്പെട്ടെങ്കിലും നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ആതിഥേയര്‍ ലക്ഷ്യത്തിനടുത്തെത്തി. 

142 റണ്‍സ് കൂട്ടുകെട്ടാണ് വില്യംസണ്‍ - മിച്ചല്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.

86 ബോളില്‍ 81 റണ്‍സെടുത്ത് മിച്ചല്‍ പുറത്തായി. 

തുടര്‍ന്ന് സെഞ്ച്വറിയുമായി കെയ്ൻ വില്യംസൺ നിലയുറപ്പിച്ചതോടെ ശ്രീലങ്കയുടെ പിടി അയഞ്ഞെങ്കിലും അവസാന രണ്ടോവറുകളില്‍ ലങ്ക കൃത്യതയോടെ ബൗള്‍ ചെയ്തതോടെ ആര്‍ക്ക് വേണേല്‍ ജയിക്കാമെന്ന സ്ഥിതിയായി. വിക്കറ്റുകള്‍ മുറയ്ക്ക് വീണതും പിരിമുറുക്കത്തിന് കാരണമായി. ഒരു ബോളില്‍ നിന്ന് ഒരു റണ്‍ വേണ്ടപ്പോള്‍ റണ്ണൗട്ടില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടാണ് ന്യൂസിലന്‍റ് വിജയതീരമണഞ്ഞത്.

 

കെയ്ൻ വില്യംസൺ 121 റൺസെടുത്ത് പുറത്താവാതെ നിന്നു.