Spiritual

ലോകത്തെ എറ്റവും വലിയ നോമ്പുതുറ മക്കയിൽ, റമദാനിന്റെ അവസാനനാളുകളിൽ 25 ലക്ഷം കവിയും എന്ന്

Shibu Padmanabhan

09 April 2023 , 1:10 PM

 

വിശുദ്ധ റമദാനിൽ ലോകത്തിലെ ഏറ്റവും വലിയ സമൂഹ നോമ്പുതുറ നടക്കുന്നത് മക്കയിലാണ്. ഹറം പള്ളിയിൽ പ്രതിദിനം പത്ത് ലക്ഷത്തിലധികം പേർ എത്തുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റമദാനിൽ തീർഥാടക പ്രവാഹത്താൽ മക്ക നിറഞ്ഞു കവിയുകയാണ്. ലോകത്തിന്റെ വിവിധകോണുകളിൽ നിന്നെത്തുന്ന വിശ്വാസികളുടെ വലിയ ആഗ്രഹം കൂടിയാണ് ഹറമിൽ വെച്ചുള്ള നോമ്പുതുറ.
വൈകുന്നേരത്തെ നമസ്കാര സമയമാകുന്നതോടെ മക്കയിലെ തെരുവുകളെല്ലാം കൂടുതൽ ഊർജസ്വലമാവും. സൂര്യാസ്തമയം അടുക്കുന്നതോടെ ഹറമിന്റെ അംഗണത്തിൽ വിശ്വാസികൾ നിറഞ്ഞു കവിയും. സൗദിയിലെ വിവിധ സ്ഥാപനങ്ങളും വ്യക്തികളുമാണ് ഹറമിലെ ഇഫ്താർ സ്പോൺസർ ചെയ്യുന്നത്.
സന്ധ്യാ നേരത്തെ നമസ്കാരം കഴിഞ്ഞാൽ പിന്നെ ഹറമിന്റെ മുറ്റം വിശ്വാസികളെക്കൊണ്ട് നിറയും. സംസം വെള്ളവും ഈത്തപ്പഴവും ചെറിയ പലഹാരവും മാത്രമാണ് നോമ്പുതുറക്കു നൽകുന്ന വിഭവങ്ങൾ. എന്നാൽ വിശ്വാസികളുടെ വിശപ്പടക്കാൻ അത്രയും തന്നെ ധാരാളമാണ്.
നോമ്പുതുറയിൽ മക്കയിലെ തെരുവുകളിലൂടെ ജനത്തിന്റെ പ്രവഹമാണ് കാണാൻ കഴിയുക. രാത്രി നമസ്കാരങ്ങൾ പൂർത്തിയായേ വിശ്വാസികൾ അവിടെ നിന്നും മടങ്ങാറുള്ളൂ. വിശുദ്ധറമദാനിന്റെ അവസാന നാളുകളിലേക്ക് എത്തുന്തോറും ഹറമിലെ തിരക്ക് വലിയരീതിയിൽ വർധിക്കും. ഏറ്റവും അവസാന ദിവസങ്ങളിൽ 25 ലക്ഷത്തിലേറെ പേർ ഹറമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 


ഗൾഫ് വാർത്തകൾ: https://chat.whatsapp.com/Ex1TplWaSvIHPvrbPgnMqy