Spiritual

ഗുരുവായൂർ ഏകാദശി ഡിസംബർ 3, 4 തീയതികളിൽ

25 November 2022 , 8:34 PM

 

 

 

ഗുരുവായൂർ: ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഡിസംബർ 3, 4 തീയതികളിലായി ആഘോഷിക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു.  

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ: പി സി. ദിനേശൻ നമ്പൂതിരിപ്പാടിൻ്റെയും ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും അഭിപ്രായം പരിഗണിച്ച ദേവസ്വം ഭരണസമിതി ഏകകണ്ഠമായാണ് ഈ തീരുമാനം എടുത്തത്. 

ഡിസംബർ മൂന്നിനാണ് ദേവസ്വം വക ഉദയാസ്തമയ പൂജ. ഡിസംബർ 4 ന് ദേവസ്വം വക വിളക്കാഘോഷം. ഡിസംബർ 3 നും 4 നും ഏകാദശി പ്രസാദ ഊട്ടും ഉണ്ടാകും. 

ഗജരാജൻ കേശവൻ അനുസ്മരണം നേരത്തെ നിശ്ചയിച്ചതു പോലെ ഡിസംബർ രണ്ടിന് നടത്തും.

ചെമ്പൈ സംഗീതോൽസവം ഡിസംബർ 3 ന് സമാപിക്കും. 

ഇത്തവണ സാധാരണയിൽ നിന്ന് ഭിന്നമായി രണ്ട് ദിവസമായാണ് ഏകാദശി വരുന്നത്. 

57.38 നാഴിക ഏകാദശിയായി വരുന്നത് വൃശ്ചികം 17ാം തീയതിയായ ഡിസംബർ 3 നാണ്. 

ഈ പ്രത്യേക സാഹചര്യത്തിലാണ് ക്ഷേത്രം തന്ത്രിയുടെയും ഊരാളൻ്റെയും അഭിപ്രായമനുസരിച്ച് ഡിസംബർ 3 ന് ഏകാദശിയായി ആഘോഷിക്കാനാണ്  നേരത്തെ നിശ്ചയിച്ചത്. 

പിന്നീട് ജ്യോതിഷ പണ്ഡിതൻമാരുടെയും വൈദികരുടെയും അഭിപ്രായം കൂടി പരിഗണിച്ച് 1992-93 വർഷങ്ങളിൽ സമാന സാഹചര്യത്തിൽ ദേവസ്വം സ്വീകരിച്ച നടപടിക്രമം കൂടി കണക്കിലെടുത്ത് ഇത്തവണ വൃശ്ചികം 18 നും (ഡിസംബർ 4) ഏകാദശി ആഘോഷിക്കാനും ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ വിളക്ക് നടത്താനും ഭരണ സമിതി തീരുമാനിക്കുകയായിരുന്നു. 

ദ്വാദശി പണ സമർപ്പണം ഡിസംബർ 4 രാത്രി 12 മണി മുതൽ ഡിസംബർ 5 രാവിലെ 9 മണി വരെ നടക്കും.ത്രയോദശി ഊട്ട് ഡിസംബർ 6 ന് നടത്തും. 

എകാദശി ദിവസങ്ങളിൽ കാലത്ത് 6 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുവരി നിന്നുള്ള ദർശനം മാത്രമേ ഉണ്ടാകൂ. ചോറുൺ കഴിഞ്ഞ് വരുന്നവർക്കുള്ള പ്രത്യേക ദർശനവും ഉണ്ടാകില്ല. 

ശ്രീലകത്ത് നെയ്യ് വിളക്ക് ശീട്ടാക്കുന്നവർക്കുള്ള പ്രത്യേക ദർശനം അനുവദിക്കും.