News

വയനാട്ടിൽ പിതാവിൻ്റെ സുഹൃത്തിൻ്റെ വെട്ടേറ്റ അഞ്ചുവയസുകാരൻ മരിച്ചു.

19 November 2022 , 8:36 AM

 

പള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിൻ്റെ മകൻ ആദിദേവ് ആണ് മരിച്ചത്, സംഭവം അമ്മ കുട്ടിയെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റോഡിൽ.

മേപ്പാടി: നെടുമ്പാല പള്ളിക്കവലയിൽ പിതാവിൻ്റെ സുഹൃത്തായ അയൽവാസിയുടെ വെട്ടേറ്റ അഞ്ചു വയസുകാരൻ മരിച്ചു. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിൻ്റെ മകൻ ആദിദേവ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്.  ജയപ്രകാശിന്റെ ഭാര്യ അനില മകൻ ആദിദേവിനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റോഡിഎംൽ വെച്ചാണ് രണ്ടുപേരെയും മാരകമായി വെട്ടി പരുക്കേൽപ്പിച്ചത്.  അയൽവാസിയും ജയപ്രകാശിൻ്റെ ബിസിനസ് പങ്കാളികൂടിയായ പള്ളിക്കവല കിഴക്കേപറമ്പിൽ ജിതേഷ് (45) ആണ് ആക്രമിച്ചത്.

അനിലയ്ക്ക് തോളിനും പുറത്തുമാണ് വെട്ടേറ്റത്. ആദിദേവിന് ഇടതുചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. ഇരുവരും മേപ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആദിദേവിൻ്റെ നില അതീവ ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പ്രതിയെ മേപ്പാടി എസ്.ഐ. വി.പി. സിറാജിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.  . ജയപ്രകാശും ജിതേഷും ബിസിനസ് പങ്കാളികളായിരുന്നു. ഇരുവരും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ജിതേഷിനെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു.