10 November 2022 , 4:47 AM
അമിതമദ്യപാനം മൂലം ഫാറ്റി ലിവറില്‍ തുടങ്ങി ഹെപ്പറ്റൈറ്റിസിലൂടെ സിറോസിസിലെത്തി മരണത്തിന് കീഴടങ്ങുന്ന ധാരാളം ആളുകളെ നമുക്ക് അറിയാം.
എന്നിരുന്നാലും മദ്യം മനുഷ്യ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞ കാലമാണിത്.
ദിവസേന രണ്ടില്‍ കൂടുതല്‍ പെഗ് മദ്യം ഉപയോഗിക്കുന്നവര്‍ക്ക് ഏകദേശം ഒരു മാസത്തിനുള്ളില്‍ Fatty Liver (കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥ) ഉണ്ടാകുകയും തുടര്‍ന്ന് കഴിച്ചാല്‍ ഏകദേശം ഒരു വര്‍ഷ സമയത്തില്‍ ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് (മദ്യം കൊണ്ടുണ്ടാകുന്ന മഞ്ഞപ്പിത്തം) ഉണ്ടാകുവാനും സാധ്യതയുണ്ട്. തുടര്‍ മദ്യപാനികളില്‍ ഏകദേശം പത്തു വര്‍ഷം കൊണ്ട് സിറോസിസ് അഥവാ കരള്‍വീക്കം എന്ന ജീവനു തന്നെ അപകടം സൃഷ്ടിക്കുന്ന അവസ്ഥയില്‍ എത്തിച്ചേരാം.
എങ്ങനെയാണ് മദ്യം കരളിനെ ബാധിക്കുന്നത്?
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരള്‍. വയറിന്റെ വലതുഭാഗത്ത് മുകളിലായാണ് കരള്‍ സ്ഥിതിചെയ്യുന്നത്. ഏകദേശം രണ്ട് കിലോ ഭാരമുള്ള കരളിന് ശരീരത്തില്‍ വളരെ നിര്‍ണായകമായ ജോലികളാണ് ഉള്ളത്. നമ്മള് കഴിക്കുന്ന ആഹാരങ്ങള്‍ സൂക്ഷിക്കുന്ന ഒരു കലവറയാണ് കരള്‍. ശരീരത്തില്‍ ഉണ്ടാകുന്ന അമോണിയ, നമ്മള് കഴിക്കുന്ന പല മരുന്നുകള്‍ ഇവയെല്ലാം ശരീരത്തില്‍ നിന്ന് പുറംതള്ളുന്നതിനും കരള്‍ സഹായകരമാകുന്നു. രക്തം കട്ട പിടിക്കുന്നതിനാവശ്യമായ ചില ആവശ്യഘടകങ്ങള്‍ ഉല്പാദിപ്പിക്കുന്നതും ചില വിറ്റാമിനുകളെ ശരീരത്തില്‍ ശേഖരിച്ച് വയ്ക്കുന്നതും കരളിന്റെ ജോലിയാണ് ഇത്രത്തോളം പ്രധാന ജോലികളുള്ള കരളിന്റെ മുഖ്യ ശത്രുവാണ് മദ്യം.
മദ്യം അതേ രൂപത്തിലോ അല്ലെങ്കില്‍ മദ്യത്തില്‍ നിന്നും ശരീരം ഉല്പാദിപ്പിക്കുന്ന ആല്‍ഡി ഹൈഡ് എന്ന രാസവസ്തുവോ കരളിന് ഹാനികരമായിത്തീരുന്നു. ഈ ആല്‍ഡിഹൈഡ് കരളിലെ കോശങ്ങളെ നശിപ്പിക്കുന്നതോടൊപ്പം കരളിലുള്ള പ്രോട്ടീനുമായി ചേര്‍ന്ന് കരളിലെ രാസപദാര്‍ഥങ്ങളുടെ ഘടന തന്നെ മാറ്റിമറിക്കുന്നു. അങ്ങനെ ഒരവസ്ഥ വരുമ്പോള്‍ നമ്മുടെ ശരീരം തന്നെ കരളിനെതിരായി പ്രതിപ്രവര്‍ത്തിക്കുകയും കരളിന്റെ ഘടനയെയും പ്രവര്‍ത്തനത്തെയും ക്രമേണ അത് ബാധിക്കുകയും ചെയ്യുന്നു.
കരളില്‍ കൊഴുപ്പടിയുക എന്ന അവസ്ഥയാണ് മദ്യം കരളിനെ ബാധിക്കുന്നതിന്റെ തുടക്കം. കരളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കുഴപ്പമില്ലെങ്കിലും പരിശോധനയില്‍ കരളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ചില എന്‍സൈമുകള്‍ (ഉദാ. എ.എല്‍.പി, എസ്.ജി.പി.ടി) കൂടുതലായി കാണുന്നു. അള്‍ട്രാ സൗണ്ട് സ്കാന്‍ വഴിയും കരളില്‍ കൊഴുപ്പടിയുന്നത് കണ്ടുപിടിക്കാം. ഈ അവസ്ഥയില്‍ മദ്യപാനം തികച്ചും നിറുത്തുകയാണെങ്കില്‍ കരളിനെ അതിന്റെ പൂര്‍വ സ്ഥിതിയിലാക്കാന്‍ കഴിയും.
തുടര്‍ന്നും മദ്യം ഉപയോഗിക്കുമ്പോള്‍ അടുത്ത അവസ്ഥ മദ്യം മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം ചിലര്‍ക്ക് ഉണ്ടാകാം. മദ്യം ഉപേക്ഷിക്കുന്നതോടെ ഈ അവസ്ഥയില്‍ നിന്നും നമുക്ക് കരളിനെ രക്ഷിക്കാം. എന്നാല്‍, തുടര്‍ച്ചയായ മദ്യപാനം കരള്‍ വീക്കത്തിലേക്ക് നയിച്ചാല്‍ പിന്നെ മദ്യം തികച്ചും ഉപേക്ഷിച്ചാല്‍ പോലും ഒരു തിരിച്ചുപോക്ക് അസാധ്യമാണ്.
മദ്യം ഉപയോഗിക്കുന്ന എല്ലാവര്ക്കും കരള്‍വീക്കം ഉണ്ടാകുമോ?
ഇല്ല. ഒരപാടുകാലം മദ്യം ഉപയോഗിക്കുന്ന ഏകദേശം 15 ശതമാനം ആളുകളില്‍ മാത്രമേ കരള്‍വീക്കം കണ്ടുവരാറുള്ളൂ. സ്ത്രീകള്‍ക്ക് കരള്‍വീക്ക സാധ്യത കൂടുതലാണ്. കൂടാതെ അമിത ഭാരമുള്ളവര്‍, പോഷകാഹാര കുറവുള്ളവര്‍ ഹെപ്പറ്റൈറ്റിസ് ബി രോഗബാധിതര്‍, കരളിന് ക്ഷതം സംഭവിക്കാന്‍ സാധ്യതയുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ മുതലായവരില്‍ കരള്‍വീക്കം വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ചിലരില്‍ ജന്മനാ കരള്‍രോഗ സാധ്യത കൂടുതലായി കാണപ്പെടുന്നു.
കരള്‍ വീക്കത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
ക്ഷീണം, ഓക്കാനം, ഛര്‍ദി, വയറുവേദന, ഉറക്കക്കുറവ്, വിശപ്പില്ലായ്മ മുതലായ രോഗലക്ഷണങ്ങളാണ് ആദ്യം പ്രത്യക്ഷപ്പെടുക. തുടര്‍ന്ന് ശരീരത്തിലും, പ്രത്യേകിച്ച് കാലില്‍ നീരുണ്ടാകുകയും ക്രമേണ വയറ്റില്‍ നീരു നിറഞ്ഞ് വയറ് വലുതാവുകയും ചെയ്യുന്നു. ചെറിയ മുറിവില്‍ നിന്നുപോലും രക്തം കട്ടപിടിക്കാതെ പോകുന്നതും ഈ രോഗത്തിന്റെ ലക്ഷണമാകാം. ആമാശയത്തിനുള്ളില്‍ നിന്നും മൂലക്കുരുവില്‍ നിന്നും ചിലപ്പോള്‍ അതികഠിനമായ രക്തസ്രാവമുണ്ടാകാം. അടിയന്തിര ശുശ്രൂഷ ലഭിച്ചില്ലെങ്കില്‍ മരണത്തിന് വരെ ഇത് കാരണമാകാം.
രോഗം വര്‍ധിക്കുന്നതോടെ പോഷകാഹാരക്കുറവും നീരു വര്‍ധിക്കുകയും രോഗിക്ക് മഞ്ഞപ്പിത്തം പ്രത്യേക്ഷപ്പെടുകയും ചെയ്യുന്നു. ഇതോടൊപ്പം, വയറിനുള്ളിലെ രക്തസമ്മര്‍ദം വര്‍ധിക്കുകയും പ്ലീഹ ക്രമാതീതമായി വലുതാവുകയും ചെയ്യുന്നു.. ഈ അവസ്ഥയില്‍ രോഗമുക്തി അസാധ്യമായിത്തീരുകയും ഹൃദയത്തിലും ശ്വാസകോശങ്ങളിലും നീരു നിറഞ്ഞോ രക്തം ഛര്‍ദ്ദിച്ചോ അല്ലെങ്കില്‍ മഞ്ഞപ്പിത്തം അധികരിച്ചോ രോഗി മരണത്തിന് കീഴ്പ്പെടുന്നു.
എങ്ങനെയാണ് രോഗനിര്‍ണയം?
രക്ത പരിശോധനയിലൂടെയും അള്‍ട്രാസൗണ്ട് സ്കാനിങ് സി ടി സ്കാനിങ് മുതലായ പരിശോധനയിലൂടെയുമാണ് രോഗം നിര്‍ണയിക്കുന്നത്. ലിവര്‍ പ്രൊഫൈല്‍ അഥവാ കരളിലെ പ്രവര്‍ത്തനക്ഷമത മനസിലാക്കുന്നതിന് രക്ത പരിശോധന സഹായിക്കും. കൂടാതെ, എന്‍ഡോസ്കോപ്പി പരിശോധനയിലൂടെ ആമാശയത്തിനുള്ളിലും മലദ്വാരത്തിനുള്ളിലുമുള്ള രക്തക്കുഴലുകളുടെ വീക്കം കണ്ടുപിടിക്കാനും ചികിത്സിക്കാനും കഴിയും. ചിലരില്‍ ബയോപ്സി ടെസ്റ്റ് വേണ്ടിവന്നേക്കാം.
24 September 2023 , 2:14 PM
24 September 2023 , 2:02 PM
24 September 2023 , 10:47 AM
23 September 2023 , 8:48 PM
Comments
RELATED STORIES
നിപയില്‍ ആശ്വാസം; ഏഴ് സാംപിള്‍ പരിശോധന ഫലം കൂടി നെഗറ്റീവ്
22 September 2023 , 12:04 PM
നിപ ആശങ്ക ഒഴിയുന്നു,. ഇന്ന് പുറത്ത് വന്ന 61 ഫലങ്ങളും നെഗറ്റീവ്
18 September 2023 , 11:49 AM
തിരുവനന്തപുരത്തും നിപ സംശയം
13 September 2023 , 9:14 AM
നിപ ഭീഷണി; കോഴിക്കോട് ചികിത്സയിലുള്ളത് 4 പേർ
12 September 2023 , 10:39 AM
അധരങ്ങള്‍ ചുവന്ന് തുടുക്കും: ഇങ്ങനെ ചെയ്താല്‍
10 September 2023 , 1:42 PM
കേരളത്തില്‍ 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി: കോളജും സീറ്റുകളുടെ വി..
07 September 2023 , 4:12 PM