Sports

ഷൂട്ടൗട്ടിൽ ജപ്പാനെ മുട്ടുകുത്തിച്ച് ക്രൊയേഷ്യ ക്വാർട്ടറിൽ

05 December 2022 , 11:14 PM

 

 

ദോഹ: പെനാൽറ്റി ഷൂട്ടൗട്ടിൽ ജപ്പാനെ (3 -1) മുട്ടുകുത്തിച്ച് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ ഖത്തർ ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത 90 മിനിട്ടിൽ ഓരോ ഗോൾ വീതം നേടി ക്രൊയേഷ്യയും ജപ്പാനും സമനില പാലിച്ചതോടെ ഈ ലോകകപ്പിലെ ആദ്യ എക്സ്ട്രാ ടൈമിന് കാണികൾ സാക്ഷികളായി. ഇതിലും ആരും ഗോൾ അടിക്കാതെ വന്നതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്. ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ചിൻ്റെ ഉജ്വലമായ സേവുകളാണ് ജപ്പാൻ്റെ വഴിയടച്ചത്. രണ്ടു മുൻ ലോക ചാമ്പ്യന്മാരെ തോൽപ്പിച്ചു കൊണ്ടാണ് ജപ്പാൻ പ്രീക്വാർട്ടറിൽ കടന്നത്. ആദ്യ പകുതിയിൽ ഒരു ഗോളിന് അവർ മുന്നിട്ട് നിൽക്കുകയും ചെയ്തു.ജപ്പാനായി ആദ്യപകുതിയിൽ ഡയ്സൻ മയേഡയും (43–ാം മിനിറ്റ്) ക്രൊയേഷ്യയ്‌ക്കായി രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചും (55–ാം മിനിറ്റ്) ഗോൾ നേടി.

ഗോളടിക്കാൻ കഴിവുള്ള മികച്ച താരങ്ങളും വിങ്ങിലൂടെ അതിവേഗം ഉള്ള മുന്നേറ്റങ്ങളും ജപ്പാനെ അപകടകാരികളാക്കി. മറുവശത്ത് ക്രൊയേഷ്യ എല്ലാ മേഖലയിലും മികച്ചുനിൽക്കുന്ന  ടീമായി. പ്രായം തളർത്താത്ത പോരാളി ലൂക്കാ മോഡ്രിച്ചിന്റെ സാന്നിധ്യം അവർക്ക് ഊർജം പകർന്നു.