News

ഇടുക്കിയിൽ വ്യാജമദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തി

26 January 2023 , 3:33 PM

 

 

 

ഇടുക്കി: കഞ്ഞിക്കുഴിയിൽ വ്യാജമദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തി. എക്സൈസിന്റെ പരിശോധനയിലാണ് മദ്യനിർമ്മാണ യൂണിറ്റ് കണ്ടെത്തിയത്. ഇവിടെ നിന്നും 70 ലിറ്റർ വ്യാജമദ്യവും ബോട്ലിംഗ് യൂണിറ്റും പിടികൂടി. 3500 ഓളം കുപ്പികളും കണ്ടെത്തി. കഴിഞ്ഞ ദിവസം പൂപ്പാറയിൽ വ്യാജമദ്യം പിടികൂടിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. കഞ്ഞിക്കുഴി സ്വദേശി ബിനു മാത്യുവിന്റെ വീട്ടിലാണ് വ്യാജമദ്യനിർമ്മാണം നടന്നു വന്നിരുന്നത്. 

      പൂപ്പാറയിൽ 35 ലിറ്റ‌‌ർ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരനടക്കം നാലു പേരെ ശാന്തൻപാറ പോലീസ് പിടികൂടിയിരുന്നു. മദ്യം വാങ്ങി ചില്ലറവിൽപ്പന നടത്തുന്നവർക്ക് ബെവ്കോ ഔട്ട്ലെറ്റിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൈമാറാനെത്തിച്ച മദ്യമായിരുന്നു പിടികൂടിയത്. പൂപ്പാറ ബെവ്കോ ഔട്‌ലെറ്റിലെ ജീവനക്കാരനായ തിരുവനന്തപുരം, കോലിയക്കോട് ഉല്ലാസ് നഗർ സ്വദേശി ബിനു, സുഹൃത്ത് പോത്തൻകോട് പുത്തൻവീട്ടിൽ ബിജു, ഇടുക്കി കഞ്ഞിക്കുഴി തള്ളക്കാനം തോട്ടുപുറത്ത് ബിനു മാത്യു, മകൻ എബിൻ എന്നിവരെയാണ് ശാന്തൻപാറ പൊലീസ് പിടികൂടിയത്. ഇവർ പിടിയിലായത് ജീവനക്കാരുടെ ഇടപെടലിനെ തുടർന്നായിരുന്നു.

       പൂപ്പാറ തലക്കുളത്തിന് സമീപം വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പിൽ നിന്ന് 35 ലിറ്റർ വരുന്ന 70 കുപ്പി വ്യാജമദ്യവും കണ്ടെടുത്തു. എംസി മദ്യത്തിന്റെയും സർക്കാരിന്റെയും വ്യാജ സ്റ്റിക്കർ പതിപ്പിച്ച കുപ്പിയിലാണ് മദ്യം നിറച്ചിരുന്നത്.   ബെവ്കോ ഔട്‌ലെറ്റിൽ നിന്നും മദ്യം വാങ്ങി പുറത്ത് ചില്ലറ വിൽപ്പന നടത്തുന്ന ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർക്ക് വിൽക്കാനായി കൊണ്ടുവന്ന വ്യാജ മദ്യമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.