News

108 കോടിയും, 1000 പവനും വ്യാജ രേഖകൾ ചമച്ച് മരുമകൻ തട്ടിയെടുത്തെന്ന് പരാതി

24 November 2022 , 8:53 AM

 

മഹാരാഷ്ട്ര മന്ത്രി മംഗൾ പ്രതാപ് ലോധയുടെ കമ്പനിയുടെ പേരിൽ വ്യാജ രേഖകൾ ചമച്ചതായും പരാതിയിൽ പറയുന്നുണ്ട്.

ദുബായിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം നടത്തുന്ന പ്രവാസി വ്യസായിയിൽനിന്നു മരുമകൻ 108 കോടിയിലധികം രൂപ യും 1,000 പവനും തട്ടിയെടുത്തെന്നു പരാതി. ആലുവ സ്വദേശി അബ്ദുൾ ലാഹിർ ഹസനാണ് കാസർകോഡ് സ്വദേശിയായ മരുമകൻ മുഹമ്മദ് ഹാഫിസിനെതിരേ പരാതി നൽകിയത്. മുൻ ഡി. ഐ. ജി മുമ്മദ് ഹസൻ്റെ മകനാണ് അബ്ദുൾ ലാഹിർ ഹസൻ. അന്വഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. മരുമകൻ തൻ്റെ കമ്പനിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടക്കുന്നുവെന്നു പറഞ്ഞു പിഴ അടയ്ക്കാനെന്ന പേരിൽ 3.9 കോടി രൂപ വാങ്ങിയായിരുന്നുവത്രേ തട്ടിപ്പുകളുടെ തുടക്കം. ഇയാൾ അക്ഷയ് തോമസ് വൈദ്യൻ എന്ന സുഹൃത്തുമായി ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നതെന്നും പരാതിയിൽ പറയുന്നു. കൊച്ചിയിൽ മീഡിയ ഏജൻസി നടത്തിയിരുന്ന ഇയാളുമായി ചേർന്ന് പുതിയ ബിസിനസ് പദ്ധതികൾ പ്രഖ്യാപിച്ച് ദേശീയ മാധ്യമങ്ങളിലടക്കം വാർത്തകൾ നൽകിയാണ് സംരംഭകരെ വിശ്വസിപ്പിച്ചിരുന്നതത്രേ. ഇല്ലാത്ത പദ്ധതികളെക്കുറിച്ച് പ്രമുഖ ഇംഗ്ലീഷ് ബിസ്സിനസ്സ് മാസികയുടെ ഓൺലൈനിലടക്കം വാർത്തകൾ വരുത്തിയിരുന്നു തട്ടിപ്പ്. ഇത്  തിരിച്ചറിഞ്ഞതിനെത്തുടർന്ന് നടത്തിയ അന്വഷണത്തിൽ മുഹമ്മദ് ഹാഫിസിൻ്റെ ബിരുദ സർട്ടിഫിക്കറ്റടക്കം ഇയാൾ നൽകിയിരുന്ന രേഖകളുമെല്ലാം വ്യാജമാണെന്നു കണ്ടെത്തിയെന്നും. തട്ടിപ്പിനായി മഹാരാഷ്ട്ര മന്ത്രി മംഗൾ പ്രതാപ് ലോധയുടെ കമ്പനിയുടെ പേരിൽ വ്യാജ രേഖകൾ ചമച്ചതായും പരാതിയിൽ പറയുന്നുണ്ട്. കാസർഗോഡ് കുതിരോളി ബിൾഡേഴ്സ് എന്ന കരാർ കമ്പനി നടത്തുന്ന ചെർക്കള മുഹമ്മദ് ഷാഫിയുടെ മകനാണ് മുഹമ്മദ് ഹാഫിസ്. അഞ്ചു വർഷം മുമ്പായിരുന്നു അബ്ദുൾ ലാഹിർ ഹസൻ്റെ മകളുമായുളള വിവാഹം.

വിറ്റു തുലച്ചത് 1000 പവൻ..? 

വിവാഹ സമ്മാനമായി മകൾക്ക് നൽകിയ 1000 പവൻ വരുന്ന സ്വർണ്ണവും വജ്രവുമടങ്ങുന്ന ആഭരങ്ങൾ മുഹമ്മദ് ഹാഫിസ് വിറ്റുതുലച്ചതായാണ് പരാതിയിൽ പറയുന്നത്. കൂടാതെ മറ്റ് പല പദ്ധതികളുടെ പേരിലായി നൂറ് കോടിയിലധികം രൂപ മറ്റിടങ്ങളിൽ നിന്നും തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. അന്വഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് അബ്ദുൾ ലാഹിർ ഹസൻ പറയുന്നത്.

ഒന്നരക്കോടിയുടെ കാറെവിടെ..?

മുഹമ്മദ് ഹഫീസ് ഉപയോഗിക്കാൻ കൊണ്ടുപോയ അബ്ദുൾ ലാഹിർ ഹസൻ്റെ മകൻ്റെ ഭാര്യയുടെ പേരിലുള്ള ഒന്നരക്കോടിയുടെ കാർ ഇതുവരെ കണ്ടെത്തുവാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതൊക്കെ ചേർത്ത് തെളിവ് സഹിതം നൽകിയ പരാതിയിൽ ഒരാഴ്ച കഴിഞ്ഞാണ് പോലീസ് കേസ് എടുക്കാൻ തയ്യാറായതെന്ന്  അബ്ദുൾ ലാഹിർ ഹസൻ പറയുന്നു. എന്നാൽ പരാതിയിൽ നടപടിയുടുക്കാൻ വൈകിയതാണ് അന്വഷണ ഉദ്യോഗസ്ഥനെ മാറ്റി കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാൻ കരണമെന്നറിയുന്നു.