Entertainment

കോബ്ര വരുന്നു,കൊച്ചിയിൽ ആവേശമായി വിക്രം

27 August 2022 , 9:20 AM

 

കൊച്ചി: തമിഴിൽ നിർമ്മിച്ചു വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി ആഗസ്റ്റ് 31ന് ലോകമെമ്പാടും ഒരേ ദിവസം റിലീസ് ചെയ്യുന്ന കോബ്ര സിനിമയുടെ പ്രമോഷന്റെ ഭാഗമായി വിക്രം കൊച്ചിയിൽ എത്തി. ഏറെ കഷ്ടപ്പെട്ട് വർക്ക്‌ ചെയ്ത സിനിമയാണ് കോബ്ര. അത്പോലെ തന്നെ ഒരുപാട് എൻജോയ് ചെയ്തു വർക്ക്‌ ചെയ്ത സിനിമയും കൂടിയാണ്  കോബ്രയെന്ന് വിക്രം പറഞ്ഞു. എറണാകുളത്ത് സെൻട്രൽ സ്ക്വയർ മാളിൽ നടന്ന പത്ര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിക്രം. ഈ സിനിമയിൽ പല ഗെറ്റപ്പുകളിൽ താൻ അഭിനയിക്കുന്നുണ്ട്. ഇതിന് മുമ്പും ഇങ്ങനെ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇത് വേറൊരു രീതിയിലുള്ള സംഭവമാണ്. ഒരു സിനിമയിൽ ഏറ്റവും കൂടുതൽ ഗെറ്റപ്പുകളിൽ അഭിനയിച്ചിട്ടുള്ളത് കമൽ സാറാണ്. കമൽ സാറുമായി എന്നെ താരതമ്യം ചെയ്യരുത്.ആരുമായും എന്നെ താരതമ്യം ചെയ്യരുത്.. വിക്രം പറയുന്നു. കോബ്രയിൽ ഗെറ്റപ്പ് ചേഞ്ച് ഉള്ളതുകൊണ്ട് സ്പെഷ്യൽ മേക്കപ്പ് മാനെ വരുത്തിയാണ് ചെയ്തത്. ഓരോ ഗെറ്റപ്പ് ചെയ്ഞ്ചിനും അഞ്ചുമണിക്കൂർ സമയം വേണം മേക്കപ്പ് ചെയ്തെടുക്കാൻ.കോബ്ര ഒരു സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ മൂവിയാണ്. അന്യൻ സിനിമയിൽ കണ്ടതിനേക്കാൾ കൂടുതൽ ഫീൽ തരുന്ന സിനിമയായിരിക്കും കോബ്ര. അജയ് ജ്ഞാന മുത്തു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ വിക്രമിന്റെ ജോഡിയായി അഭിനയിക്കുന്നത് ശ്രീനിധി ഷെട്ടിയാണ്. പ്രശസ്ത ക്രിക്കറ്റ് പ്ലെയർ ഇർഫാൻ പത്താനാണ് സിനിമയിലെ മറ്റൊരു പ്രധാന നടൻ. മലയാളത്തിൽ നിന്ന് റോഷൻ മാത്യു, മിയ എന്നിവരും അഭിനയിക്കുന്നുണ്ട്. ലളിത് കുമാറും ഉദയനിധി സ്റ്റാലിനും ചേർന്ന് ഒരുക്കുന്ന സിനിമയുടെ പകുതിയോളം ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് റഷ്യയിലാണ്.