Sports

ദോഹയിൽ ബ്രസീലിൻ്റെ 'പൂണ്ടു വിളയാട്ടം'..കൊറിയയെ മലർത്തിയടിച്ച് ക്വാർട്ടറിൽ

06 December 2022 , 2:32 AM

 

ദോഹ: ഖത്തർ ലോകകപ്പിലെ അവസാന ഏഷ്യൻ ടീമായിരുന്ന ദക്ഷിണ കൊറിയയെ 4-1ന് തകർത്ത് ബ്രസീൽ വീരോചിതമായി ക്വാര്‍ട്ടര്‍ ഫൈനലിൽ കടന്നു. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് കാനറികളുടെ എതിരാളികള്‍. 

 പരിക്കില്‍ നിന്ന് മോചിതനായി സൂപ്പര്‍ താരം നെയ്മര്‍ തിരിച്ചെത്തിയതിന്റെ ആവേശത്തോടെ തുടക്കം തൊട്ട് ഇരമ്പി മുന്നേറിയ ബ്രസീൽ ഏഴാം മിനിറ്റില്‍ തന്നെ കൊറിയൻ വല കുലുക്കി. വിനീഷ്യസ് ജൂനിയറാണ്  ആദ്യ ഗോൾ നേടിയത്. റാഫീന്യയുടെ  മുന്നേറ്റത്തില്‍ നിന്നാണ് ഗോള്‍ പിറന്നത്. വലതുവിങ്ങില്‍ നിന്ന് പന്തുമായി കുതിച്ച റാഫീന്യ നല്‍കിയ ക്രോസ് റിച്ചാര്‍ലിസണ് കണക്റ്റ് ചെയ്യാനായില്ലെങ്കിലും അതെത്തിയത് മാര്‍ക്ക് ചെയ്യപ്പെടാതെയിരുന്ന വിനീഷ്യസിന്റെ കാലിലാണ്. കിട്ടിയ അവസരം മുതലെടുത്ത വിനീഷ്യസ്  പന്ത് വലയിലെത്തിച്ചു.

പെനാല്‍റ്റിയിലൂടെ ബ്രസീല്‍ വീണ്ടും ഗോളടിച്ചു. ഇത്തവണ നെയ്മറാണ്  ഗോളടിച്ചത്. റിച്ചാര്‍ലിസണെ ബോക്സിനുള്ളില്‍ വെച്ച് ജങ് വോയങ് വീഴ്ത്തിയതിനെത്തുര്‍ന്ന് റഫറി ബ്രസീലിന് പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത നെയ്മറിന് എല്ലാം കിറുകൃത്യം.  ആദ്യ 13 മിനിറ്റില്‍ തന്നെ ബ്രസീല്‍ 2-0 ന് മുന്നിലെത്തി.രണ്ട് ഗോള്‍ വഴങ്ങിയതോടെ ദക്ഷിണ കൊറിയ ആക്രമണം പോരാട്ടം കടുപ്പിച്ചു. 16-ാം മിനിറ്റില്‍ കൊറിയയുടെ ഹവാങ് ഹീ ചാന്റെ  ലോങ് റേഞ്ചര്‍ ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസണ്‍ തട്ടിയകറ്റി. എന്നാൽ 29ാം മിനിറ്റില്‍ ബ്രസീൽ വീണ്ടും കൊറിയൻ വലകുലുക്കി.  റിച്ചാര്‍ലിസണാണ് ഗോളടിച്ചത്. നീക്കത്തിന് തുടക്കമിട്ടത് റിച്ചാര്‍ലിസണാണ്.  റിച്ചാര്‍ലിസണ്‍ അത് മാര്‍ക്വിനോസിന് നല്‍കി മുന്നോട്ട് കുതിച്ചു. ഈ സമയം മാര്‍ക്വിനോസ് പന്ത് തിയാഗോ സില്‍വയ്ക്ക് കൈമാറി. സില്‍വ റിച്ചാര്‍ലിസണിലേക്ക് പന്ത് നീട്ടിനല്‍കി. പന്ത് സ്വീകരിച്ച റിച്ചാര്‍ലിസണ്‍ അനായാസം ലക്ഷ്യം കണ്ട്  ലീഡുയര്‍ത്തി. കഴിഞ്ഞ ഒന്‍പത് മത്സരങ്ങളില്‍ നിന്നായി റിച്ചാര്‍ലിസണ്‍ നേടുന്ന 10ാം ഗോളായിരുന്നു ഇത്.

 ഞെട്ടല്‍ മാറും മുന്‍പ് ബ്രസീല്‍ വീണ്ടും കൊറിയൻ വല കുലുക്കി. ഇത്തവണ ലൂക്കാസ് പക്വെറ്റയാണ് കാനറികൾക്കായി വലകുലുക്കിയത്. 36ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. വിനീഷ്യസ് ജൂനിയര്‍ നല്‍കിയ ക്രോസ് തകര്‍പ്പന്‍ ഷോട്ടിലൂടെ പക്വെറ്റ വലയിലെത്തിച്ചു. ഇതോടെ മഞ്ഞപ്പട വിജയാഘോഷം തുടങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊറിയയ്ക്ക് ഒരു ഗോള്‍ തിരിച്ചടിക്കാനുള്ള സുവര്‍ണാവസരം ലഭിച്ചു. സൂപ്പര്‍താരം സണ്‍ ഹ്യുങ് മിന്‍ പന്തുമായി മുന്നേറി ഷോട്ടുതിര്‍ത്തെങ്കിലും അലിസണ്‍ വിരല്‍ത്തുമ്പിനാല്‍ അത് രക്ഷപ്പെടുത്തിയെടുത്തു. 55ാം മിനിറ്റില്‍ അതിമനോഹരമായ ഡ്രിബിളിങ്ങുമായി മുന്നേറിയ റാഫീന്യ ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ കിം തടഞ്ഞു. 76ാം മിനിറ്റില്‍ പകരക്കാരനായി വന്ന പൈക് സിയുങ് ഹോയുടെ ഷോട്ട് ബ്രസീല്‍ ഗോള്‍വല ഉലച്ചു. ബോക്‌സിന് പുറത്തുവെച്ച് പൈക് തൊടുത്ത ഉഗ്രന്‍ ഷോട്ട് അലിസണ് തടയാനായില്ല. ഈ ലോകകപ്പില്‍ അലിസണ്‍ വഴങ്ങുന്ന ആദ്യ ഗോള്‍ കൂടിയാണിത്. പിന്നീട് ഗോളുകൾ പിറന്നില്ലെങ്കിലും മികച്ച ആക്രമണ പ്രത്യാക്രമണങ്ങൾ കാണാനായി.