Sports

ദക്ഷിണ കൊറിയയെ നാല് ഗോളില്‍ വീഴ്ത്തി ബ്രസീൽ (4–1); ക്വാർട്ടറിൽ ക്രൊയേഷ്യയെ നേരിടും

Shibu padmanabhan

06 December 2022 , 4:11 AM

 

ദോഹ: സ്റ്റേഡിയം 974ൽ മഞ്ഞക്കടലാക്കി ദക്ഷിണ കൊറിയയ്ക്കെതിരായ അനായാസ വിജയത്തോടെ ബ്രസീൽ ക്വാർട്ടറിലേക്ക്.

കൊറിയൻ കരുത്തിനെ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ 4 ഗോളുകളടിച്ച് ബ്രസീൽ പ്രതിരോധത്തിലാക്കിയിരുന്നു.

 

ഏകപക്ഷീയമായി മാറിയ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീലിന്റെ വിജയ തിളക്കം കുറിച്ചത്.

ആദ്യപകുതിയിലായിരുന്നു ബ്രസീലിന്റെ നാലു ഗോളുകളും.

 

വിനീസ്യൂസ് ജൂനിയർ (8), സൂപ്പർതാരം നെയ്മാർ (13, പെനൽറ്റി), റിച്ചാർലിസൻ (29), ലൂക്കാസ് പക്വേറ്റ (36) എന്നിവരാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്. 

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന ബ്രസീൽ വിജയിക്കാനുറച്ച പോരാട്ടമാണ് നടത്തുന്നത്. നാല് ഗോൾ വഴങ്ങിയതിന് ശേഷമാണ് കളിയുടെ 76ാം മിനിറ്റിൽ കൊറിയയുടെ പയ്ക് സ്യൂങ് ഹോ ഒരു ഗോൾ മടക്കിയത്.

ഡിസംബർ ഒൻപതിന് നടക്കുന്ന ക്വാർട്ടര്‍ പോരാട്ടത്തിൽ ബ്രസീൽ ക്രൊയേഷ്യയെ നേരിടും. പ്രീക്വാർട്ടറിൽ പൊരുതിക്കളിച്ച ജപ്പാനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ക്രൊയേഷ്യ ക്വാർട്ടറിലെത്തിയത്. ജപ്പാനും ദക്ഷിണ കൊറിയയും. പുറത്തായതോടെ, ഖത്തർ ലോകകപ്പിൽ ഇനി ഏഷ്യൻ ടീമുകൾക്ക് പ്രാതിനിധ്യമില്ല. ബ്രസീലിനായി 123–ാം മത്സരം കളിച്ച നെയ്മാറിന്റെ 76–ാം ഗോളാണ് കൊറിയയ്‌ക്കെതിരെ പിറന്നത്. ഇതിഹാസ താരം പെലെയുടെ റെക്കോർഡിന് ഒപ്പമെത്താൻ നെയ്മാറിനു വേണ്ടത് ഒരേയൊരു ഗോൾകൂടി മാത്രം.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോൾമാത്രം ലക്ഷ്യമിട്ട് ആക്രമിച്ചു കളിക്കുന്ന ബ്രസീലായിരുന്നു കളത്തിൽ. ആദ്യ മിനിറ്റു മുതൽ ഗോളിനായി സമ്മർദ്ദം ചെലുത്തിയ അവർ പലതവണ ലക്ഷ്യത്തിന് അടുത്തെത്തി. ബ്രസീലിന്റെ സമ്പൂർണാധിപത്യം കണ്ട ആദ്യ പകുതിയിൽ ദക്ഷിണ കൊറിയ വഴങ്ങിയ ഗോളുകൾ നാലിലൊതുങ്ങിയത് അവരുടെ ഭാഗ്യം. നാലു ഗോളടിച്ച് ആദ്യപകുതിയിൽ മുന്നിൽക്കയറിയതോടെ, ബ്രസീൽ പരിശീലകൻ ടിറ്റെ രണ്ടാം പകുതിയെ പരീക്ഷണങ്ങൾക്കുള്ള വേദിയാക്കി. പോസ്റ്റിനു മുന്നിൽ അലിസനെ ഉൾപ്പെടെ അദ്ദേഹം സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു ഇതിനിടെയാണ് ലോങ് റേഞ്ചറിൽനിന്ന് ദക്ഷിണ കൊറിയയുടെ ആശ്വാസഗോൾ പിറന്നത്.