Taste of Kerala

മണ്ഡലകാലത്തെ അയ്യപ്പൻ കഞ്ഞി

28 November 2022 , 8:42 PM

 

 

പത്തനംതിട്ട ജില്ലയിൽ മണ്ഡലകാലത്ത് കാണപ്പെടുന്ന ഒരു ആചാരാനുഷ്ഠാന ഭക്ഷണ വിഭവങ്ങളാണ് അയ്യപ്പൻ കഞ്ഞിയും അസ്ത്രവും ( കിഴങ്ങുകളും പയറും ചേർത്ത് കറി) . കന്നി അയ്യപ്പന്മാർ ശബരിമലക്ക് പോകുമ്പോഴാണ് സാധാരണ അയ്യപ്പൻ കഞ്ഞി വഴിപാട് നടത്താറുള്ളത്, എങ്കിലും മണ്ഡലകാലം തുടങ്ങിയാൽ ക്ഷേത്രങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും പല സംസ്കാരിക സംഘടനകളുടെ വകയായും ഒക്കെ അയ്യപ്പൻ കഞ്ഞി വഴിപാട് നടത്തി വരുന്നു. 

വിവിധയിനം കിഴങ്ങുകളും പയറും ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന അസ്ത്രം എന്ന വിഭവം ഞങ്ങളുടെ നാട്ടിൽ ഏറെ പ്രസിദ്ധമാണ്. അപാരമായ ഒരു രുചിയാണ് ഈ വിഭവത്തിന്. പണ്ട് വാഴയുടെ പോള വെട്ടി നാലായിട്ട് മടക്കി കെട്ടി അതിൽ വാഴയിലയിട്ട് പ്ലാവിലകൊണ്ട് നിലത്തിരുന്നാണ് കഞ്ഞി കുടിച്ചിരുന്നത്. ഇപ്പോൾ അത് പ്ലേറ്റിനും സ്പൂണിനും വഴിമാറിയെങ്കിലും രുചിക്കും ആചാരങ്ങൾക്കും ഒരു മാറ്റവും ഇല്ല. ആ നാട്ടിലെ ഗുരുസ്വാമിയുടെ നേതൃത്വത്തിൽ നടക്കുന്ന അയ്യപ്പൻ കഞ്ഞി വഴിപാടുകളിൽ ആർക്കും പങ്കെടുക്കാം.

മണ്ഡലകാലത്ത് പത്തനംതിട്ട ജില്ലയിൽ കൂടി നിങ്ങൾ സഞ്ചരിക്കുകയാണെങ്കിൽ അയ്യപ്പൻ കഞ്ഞി നടക്കുന്ന സ്ഥലം കണ്ടാൽ അവിടെ ഇറങ്ങിക്കോളൂ. കഞ്ഞി തീർന്നില്ലെങ്കിൽ ഒരു പങ്ക് നിങ്ങൾക്ക് ലഭിക്കും. അയ്യപ്പൻ കഞ്ഞിക്ക് പ്രത്യേക ക്ഷണം ഉണ്ടാകില്ല. ആർക്കും വന്നു കഴിക്കാം.. വരുന്നതിൽ ഒന്ന് ഭഗവാൻ അയ്യപ്പസ്വാമിയാണെന്നാണ് ഭക്തരുടെ വിശ്വാസം.

 

എഴുത്ത്: അജിത്ത് കൃഷ്ണ