Sports

ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ആരോണ്‍ ഫിഞ്ച്

07 February 2023 , 11:39 AM

 

സിഡ്നി: രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. കഴിഞ്ഞ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഫിഞ്ച് ടെസ്റ്റില്‍ നിന്നും നേരത്തെ വിരമിച്ചിരുന്നു. ഇതോടെ ഓസ്ട്രേലിയയുടെ മഞ്ഞക്കുപ്പായത്തില്‍ ഫിഞ്ചിന്‍റെ രാജ്യാന്തര കരിയര്‍ അവസാനിച്ചു. ഓസ്ട്രേലിയയുടെ ടി20 ടീമിന്‍റെ നായകനായ ഫിഞ്ച് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ടി20യില്‍ ഓസീസിന് പുതിയ നായകനെ കണ്ടെത്തേണ്ടിവരും. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ ഓസ്ട്രേലിയക്ക് സമീപകാലത്തൊന്നും ടി20 മത്സരങ്ങളില്ലെന്നതും വിരമിക്കല്‍ വേഗത്തിലാക്കാന്‍ ഫിഞ്ചിനെ പ്രേരിപ്പിച്ചുവെന്നാണ് സൂചന. ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗിലെ ഈ സീസണില്‍ മെല്‍ബണ്‍ റെനെഗെഡ്സിനായി 428 റണ്‍സടിച്ച് ഫിഞ്ച് തിളങ്ങിയിരുന്നു. 2024 ടി20 ലോകകപ്പ് വരെ താന്‍ കളി തുടരാന്‍ സാധ്യതയില്ലാത്തതിനാലും ഓസ്ട്രേലിയക്ക് അടുത്തൊന്നും ടി20 പരമ്പര കളിക്കേണ്ടതില്ലാത്തതിനാലും  വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് ഫിഞ്ച് പറഞ്ഞു.

തന്‍റെ കുടുംബാംഗങ്ങള്‍ക്കും പ്രത്യേകിച്ച് ഭാര്യ ആമിക്കും ക്രിക്കറ്റ് വിക്ടോറിയക്കും ക്രിക്കറ്റ് ഓസ്ട്രേലിയക്കും ഓസ്ട്രേലിയന്‍ ടീമിലെ സഹതാരങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും ഫിഞ്ച് പറഞ്ഞു. 2021ലെ ടി20 ലോകകപ്പ് ജയവും 2015ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ കിരീടം നേടിയതുമാണ് കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെന്നും ഫിഞ്ച് വ്യക്തമാക്കി. 2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഓസ്ട്രേലിയ ആദ്യ ടി20 ലോകകപ്പ് കിരീടം നേടിയത് ഫിഞ്ചിന് കീഴിലാണ്.

ടി20 ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമാണ് ഫിഞ്ച്. 34.28 ശരാശരിയില്‍ 142.53 പ്രഹരശേഷിയില്‍ 3120 റണ്‍സാണ് ടി20 ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കായി ഫിഞ്ച് അടിച്ചെടുത്തത്. 2018ല്‍ ഫിഞ്ച് സംബാബ്‌വെക്കെതിരെ നേടിയ 172 റണ്‍സാണ് ഇപ്പോഴും രാജ്യാന്തര ടി20യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. 2013ല്‍ ഇംഗ്ലണ്ടിനെതിരായ ടി20യില്‍ ഫിഞ്ച് 156 റണ്‍സടിച്ചിട്ടുണ്ട്. രാജ്യാന്തര ടി20യില്‍ നിന്ന് വിരമിച്ചുവെങ്കിലും മെല്‍ബണ്‍ റെനെഗെഡ്സ് ആഗ്രഹിക്കുന്നുവെങ്കില്‍ ബിഗ് ബാഷില്‍ തുടര്‍ന്നും കളിക്കുമെന്ന് ഫിഞ്ച് പറഞ്ഞു.ഫിഞ്ചിന് പകരം ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഓസ്ട്രേലിയ ടെസ്റ്റ്, ഏകദിന ടീം നായകന്‍ പാറ്റ് കമിന്‍സിന് പരിഗണിക്കില്ലെന്നാണ് സൂചന. മാത്യു വെയ്ഡിന് സാധ്യത ഉണ്ടെങ്കിലും പ്രായം വെല്ലുവിളിയാണ്. ജോഷ് ഹേസല്‍വുഡ്, ആദം സാംപ തുടങ്ങിയവരാണ് പരിഗണനയിലുള്ള മറ്റ് രണ്ട് താരങ്ങള്‍. സമീപകാലത്ത് ബിഗ് ബാഷില്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനം സ്റ്റീവ് സ്മിത്തിനും സാധ്യത നല്‍കുന്നു. ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഓസ്ട്രേലിയയുടെ അടുത്ത ടി20 പരമ്പര. ഇതിന് മുമ്പ് പുതിയ നായകനെ പ്രഖ്യാപിക്കും.