News

മഞ്ഞു വീഴ്ചയിൽ മൂന്നാറിൽ നശിച്ചത് ഏക്കർ കണക്കിന് തേയില ചെടികൾ: തേയില വില ഉയരുമോ !

17 January 2023 , 10:08 AM

 

ഇടുക്കി: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അതിശൈത്യത്തിൽ  മൂന്നാറിൽ ഏക്കറു കണക്കിന് തേയിലച്ചെടികൾ ഉണങ്ങിനശിച്ചതായി റിപ്പോർട്ട്. ഒരാഴ്ചയായി മേഖലയിൽ കൊടും തണുപ്പും കനത്ത മഞ്ഞുവീഴ്ചയുമാണ് അനുഭവപ്പെടുന്നത്. തേയിലച്ചെടികൾക്ക് മുകളിൽ വീഴുന്ന മഞ്ഞ് വെയിലേറ്റ് ഉണങ്ങുമ്പോൾ തേയിലച്ചെടികൾ ഉണങ്ങി നശിക്കാറാണ് പതിവ്.

കണ്ണൻ ദേവൻ, ഹാരിസൺ, ടാറ്റാ ടീ തുടങ്ങിയ കമ്പനികൾക്ക് കീഴിലാണ് മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ ഭൂരിഭാഗവും. ഈ തോട്ടങ്ങളിലെല്ലാം തന്നെ വ്യാപകമായ രീതിയിൽ തേയിലച്ചെടികൾ കരിഞ്ഞുണങ്ങിയിട്ടുണ്ട്. ഹാരിസൺ കമ്പനിയുടെ ലാക്കാട് എസ്റ്റേറ്റിൽമാത്രം അറുപതോളം ഏക്കർ സ്ഥലത്തെ തേയിലച്ചെടികൾ കരിഞ്ഞുണങ്ങിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.

 

കണ്ണൻദേവൻ കമ്പനിയുടെ കന്നിമല, നല്ലതണ്ണി, ലക്ഷ്മി തുടങ്ങിയ എസ്റ്റേറ്റുകളിലും വ്യാപകമായി തേയില ഉണങ്ങി നശിച്ചിട്ടുണ്ട്. ഇത് തേയിലത്തോട്ടങ്ങളെ വൻ നഷ്ടത്തിലേക്ക് നയിക്കുകയും തേയില വില ഉയരുന്നതിന് കാരണമാവുകയും ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോഴും മഞ്ഞു വീഴ്ച തുടരുന്നതിനാൽ ഇനിയും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാനിടയുണ്ട്.