News

ജോലി ചെയ്തതിന് കൂലി ചോദിച്ച യുവാവിനെ പട്ടിക കൊണ്ട് മുഖത്തടിച്ചു; ഭാര്യയുടെ മുന്നിലിട്ട് ക്രൂരമായി മര്‍ദിച്ചു

01 December 2022 , 8:14 AM

 

 

കൊല്ലം: ജോലി ചെയ്തതിന് കൂലി ചോദിച്ച തൊഴിലാളിയെ ഭാര്യയുടെ മുന്നിലിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് കൊല്ലം കൊട്ടാരക്കരയിലാണ് സംഭവമുണ്ടായത്.

വെട്ടക്കവല സ്വദേശി വിജയകുമാറിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ വിജയകുമാര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

മുട്ടവിള സ്വദേശിയായ കോണ്ട്രാക്ടര്‍ തങ്കപ്പന്‍പിള്ളയുടെ കീഴില്‍ ജോലിചെയ്ത് വരികയായിരുന്നു വിജയകുമാര്‍. മകള്‍ക്ക് അസുഖം ബാധിച്ചതോടെ ഇയാള്‍ക്ക് രണ്ട് ദിവസം ജോലിക്ക് പോകാനായില്ല. മുന്‍ ദിവസങ്ങളിലെ കൂലി വാങ്ങാന്‍ ഭാര്യയ്‌ക്കൊപ്പം കോണ്‍ട്രാക്ടറുടെ വീട്ടിലെത്തിയെങ്കിലും തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ തങ്കപ്പന്‍പിള്ള പട്ടിക കൊണ്ട് മുഖത്തടിച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നുമാണ് വിജയകുമാറിന്റെ പരാതിയില്‍ പറയുന്നത്. പിന്നീട് നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തങ്കപ്പന്‍പിള്ളയില്‍ നിന്ന് വിജയകുമാറിനെ രക്ഷിച്ചത്. തുടര്‍ന്ന് ഇവര്‍ തന്നെയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. വിജയകുമാറിന്റെ പരാതിയില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.