News

കൊല്ലത്ത് വാഹനാപകടം: കാവാലം സ്വദേശിനിക്ക് ദാരുണാന്ത്യം

26 November 2022 , 4:06 PM

 

കൊല്ലം: കൊല്ലത്ത് സ്വകാര്യ ബസിനടയിൽ പെട്ട് ബൈക്ക് യാത്രക്കാരിയായ ആലപ്പുഴ കാവാലം സ്വദേശി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കാവാലം പഞ്ചായത്ത് ആറാം വാർഡ് മെമ്പർ കരിയൂർ മംഗലം പുതുവൽ വീട്ടിൽ സത്യദാസിന്റെ മകൾ ഹരിത ( 22 ) യാണ് മരിച്ചത്. ഇന്നലെ രാവിലെ 11മണിയോടെയായിരുന്നു അപകടം. ബൈക്ക് ഓടിച്ച ഹരിതയുടെ സുഹൃത്ത് ക്ലമന്റ് ജീസണ്‍ മാത്യു പരുക്കുകളോടെ രക്ഷപ്പെട്ടു.  കൊല്ലം പരവൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ജയകുമാർ എന്ന ബസാണ് ബൈക്കിൽ ഇടിച്ചത്.

ചാത്തന്നൂര്‍ ഭാഗത്തു നിന്നു കൊല്ലത്തേക്ക് പോയ  ബസ് അതേ ദിശയില്‍ ഇടത് ഭാഗത്ത് കൂടി വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.  ഇത്തിക്കര പാലത്തിന്റെയും ഡിവൈഡറിന്റെയും ബസിന്റെയും ഇടയിലേക്ക് വീണ  ഹരിതയുടെ ശരീരത്തിലൂടെ ബസിന്റെ പിന്‍ ചക്രം കയറിയിറങ്ങി. നാട്ടുകാര്‍  കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കല്ലുവാതുക്കല്‍ നടയ്ക്കലിലെ സ്വകാര്യ ബാങ്ക് കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ഥിനിയായിരുന്നു ഹരിത. മാതാവ്: ഷീജ. സഹോദരി: ഹര്‍ഷ.  ചാത്തന്നൂര്‍ പോലീസ് കേസെടുത്തു. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തുടര്‍ന്ന് ഇന്ന് വൈകിട്ട് നാലിന് കൃഷ്ണപുരം ശാന്തിതീരം ശ്മശാനത്തില്‍ സംസ്‌കരിക്കും.