News

വർക്കലയിൽ 17കാരിയെ ആൺസുഹൃത്ത് കഴുത്തറുത്ത് കൊന്നു

28 December 2022 , 8:30 AM

 

കൊല്ലം: നാടിനെ നടുക്കി കൊല്ലത്ത് വീണ്ടും ക്രൂര കൊലപാതകം. കൊല്ലം വർക്കലയിൽ ആണ് 17കാരിയെ രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കി ആൺ സുഹൃത്ത് കഴുത്തറുത്ത് കൊന്നത്. വർക്കല വടശേരി സംഗീത നിവാസിൽ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്തായ പള്ളിയ്ക്കല്‍ സ്വദേശി ഗോപു (20) വിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 1.30 വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് സംഗീതയെ കണ്ടെത്തിയത്. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. മരിച്ച സംഗീത രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.

 

പെണ്‍ക്കുട്ടിയുടെ സുഹൃത്തായ ഗോപു, അഖിൽ എന്ന പേരിൽ മറ്റൊരു നമ്പറിൽ നിന്ന് പെൺകുട്ടിയുമായി ചാറ്റ് തുടങ്ങി ബന്ധം സ്ഥാപിച്ചത്. അഖിൽ ആവശ്യപ്പെട്ട പ്രകാരമാണ് ഇന്നലെ പെൺകുട്ടി വീടിന് പുറത്തേയ്ക്ക് പോയത്. ഹെൽമെറ്റ്‌ ധരിച്ചാണ് ഗോപു എത്തിയത്. സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ്‌ മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഗോപു സംഗീതയെ ആക്രമിക്കുകയായിരുന്നു. പേപ്പർ മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്. പ്രതിയെ ഉടൻ തന്നെ പോലീസ് പിടികൂടിയിരുന്നു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഉടൻതന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നു പോലീസ് പറഞ്ഞു.